വയോജനങ്ങൾക്ക് ഒഴിവുവേളകൾ ആനന്ദകരമാക്കാൻ വയോജനക്ലബ് ഒരുക്കി മുക്കം നഗരസഭ

മുക്കം : വയോജനങ്ങൾക്ക് ഒഴിവുവേളകൾ ആനന്ദകരമാക്കാൻ വയോജനക്ലബ് ഒരുക്കി മുക്കം നഗരസഭ. വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി, മണാശ്ശേരിയിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് വയോജന ക്ലബ്ബ് പ്രവർത്തിക്കുക. വയോജനങ്ങൾക്ക് മാനസികോല്ലാസം ഉറപ്പാക്കാൻ പത്രവും പുസ്തകങ്ങളും ടെലിവിഷനും കാരംസ് ബോർഡുമെല്ലാം ക്ലബ്ബിലുണ്ടാകും. വാർധക്യകാലത്ത് വീട്ടിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് ഒത്തുകൂടാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് നഗരസഭാ ചെയർമാൻ പി.ടി. ബാബു പറഞ്ഞു.
2024-25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിൽ തുടങ്ങാനുദ്ദേശിക്കുന്ന മൂന്ന് വയോക്ലബ്ബുകളിൽ ആദ്യത്തേതാണ് മണാശ്ശേരിയിൽ ആരംഭിച്ചത്. പത്ത് ഡിവിഷനിലേക്ക് ഒരു ക്ലബ് എന്ന നിലയിലാണ് വയോജന ക്ലബ് അനുവദിക്കുന്നത്. 33 ഡിവിഷനുകളുള്ള മുക്കം നഗരസഭയിൽ രണ്ട് ക്ലബ്ബുകൾ കൂടി അനുവദിച്ചിട്ടുണ്ട്. നീലേശ്വരം, വട്ടോളിപ്പറമ്പ് എന്നിവിടങ്ങളിൽക്കൂടി ക്ലബ് ആരംഭിക്കാനാണ് ആലോചന. ഈ വർഷം രണ്ടുലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. വയോജനങ്ങൾക്ക് പകൽസമയം ഒത്തുകൂടാനും വായനയിലും വിവിധ വിനോദോപാധികളിൽ എർപ്പെടാനുമുള്ള സൗകര്യം വയോ ക്ലബ്ബിലുണ്ടാകും. മണാശ്ശേരി ഗവ. ഹോമിയോ ഡിസ്പെൻസറിക്ക് സമീപം ആരംഭിച്ച വയോക്ലബ് ലിൻറോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷനായി. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദ്നി മുഖ്യാതിഥിയായി. ഐസിഡിഎസ് സൂപ്പർവൈസർ റീജ പദ്ധതി വിശദീകരിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രജിത പ്രദീപ്, ഇ. സത്യനാരായണൻ, വി. കുഞ്ഞൻ, കൗൺസിലർമാരായ എം.വി. രജനി, വേണു കല്ലുരുട്ടി, എം.ടി. വേണുഗോപാലൻ, സിഡിഎസ് ചെയർപേഴ്സൺ രജിത, ഇ.പി. ശ്രീനിവാസൻ, ടി.കെ. സാമി, കുഞ്ഞിരായിൻ, ഭാസ്കരൻ കരണങ്ങാട്ട്, പി. പ്രേമൻ, സി. രാജഗോപാലൻ, ജയരാജ് കണിയാറക്കൽ, അശോകൻ കുറ്റ്യേരിമ്മൽ, ടി. ബാബുരാജ്, അസി. സെക്രട്ടറി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.