Kodanchery

വിശുദ്ധ അൽഫോൻസ വാരാചരണത്തിന് വിപുലമായ പരിപാടികളോടെ സമാപനം

കോടഞ്ചേരി: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയും സഹനപുത്രിയുമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് കോടഞ്ചേരി സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ഒരാഴ്ചയായി നടന്നുവന്ന വിവിധ പരിപാടികളും മത്സരങ്ങളും സമാപിച്ചു.
പിടിഎ പ്രസിഡൻ്റ് ചാൾസ് തയ്യിൽ അധ്യക്ഷനായ പരിപാടി സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്ത് അനുഗ്രഹ പ്രഭാഷണം നടത്തി. ജീവിതത്തിൽ നേരിട്ട സഹനങ്ങളെ നിത്യ രക്ഷയ്ക്ക് യോഗ്യമാക്കി മാറ്റിയ അൽഫോൻസാമ്മ ഇന്നത്തെ തലമുറയ്ക്ക് വലിയൊരു വഴികാട്ടിയാണെന്ന് മാനേജർ ഓർമിപ്പിച്ചു.

ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി മീനു ജോജോ വിശുദ്ധ അൽഫോൻസ ആയി വേഷപ്പകർച്ച നടത്തി വിശുദ്ധയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ ദൃശ്യാവിഷ്കാരത്തിലൂടെ അവതരിപ്പിച്ചത് വളരെ ശ്രദ്ധേയമായി.ജീവിതത്തിൽ നിരവധി വെല്ലുവിളികളും വേദനകളും നേരിട്ടിട്ടും പ്രാർത്ഥന, ത്യാഗം, സേവനം എന്നിവയിൽ ഉറച്ചുനിന്ന അൽഫോൻസാമ്മയുടെ ജീവിത മാതൃക കുട്ടികൾക്ക് പ്രചോദനമായി മാറി. പ്രധാനാധ്യാപകൻ ബിനു ജോസ്, വിദ്യാർത്ഥി പ്രതിനിധി റിയ മനോജ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി ജിജി ജോർജ് പരിപാടിക്ക് സ്വാഗതവും, ബർണാഡ് ജോസ് നന്ദിയും അർപ്പിച്ചു.

അൽഫോൻസ ഗാന മത്സരം , ക്വിസ് മത്സരം അൽഫോൻസ സൂക്ത അവതരണം ,ഗ്രീറ്റിങ്ങ് കാർഡ് നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തപ്പെട്ടു.മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു. അധ്യാപകരായ സിസ്റ്റർ സാലി, സിസ്റ്റർ ലെറ്റിൻ, സി. രമ്യ , അനില അഗസ്റ്റിൻ, അനൂപ് ജോസ്, ഓഫീസ് സ്റ്റാഫ് ജെയിൻ , നെൽസൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button