പണി പൂർത്തിയാകാതെകിടക്കുന്ന കോട്ടമുഴി പാലം

കാരശ്ശേരി : കോട്ടമുഴി പാലം പണി ഇങ്ങനെ പോയാൽ എന്നുതീരും, ഈ യാത്രാദുരിതം എന്നവസാനിക്കും… നാട്ടുകാരും യാത്രക്കാരും ചോദിക്കുന്നു. മന്ദഗതിയിലും ഇടയ്ക്ക് മുടങ്ങിയും നടന്നുവന്നിരുന്ന പാലത്തിന്റെ പ്രവൃത്തി ഒരുമാസത്തിലേറെയായി പൂർണമായി നിലച്ചിരിക്കുകയാണ്. മുക്കം-കാരശ്ശേരി-കൊടിയത്തൂർ റൂട്ടിൽ കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെ അതിർത്തിയിലെ കക്കാടം തോടിനാണ് പാലം പണിയുന്നത്. പണി ആരംഭിച്ചതുമുതൽ നാട്ടുകാർ യാത്രാദുരിതം അനുഭവിച്ചുവരുകയാണ്. 2024 ഫെബ്രുവരി 25-ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ചതാണ്. 4.21 കോടിരൂപ ചെലവിൽ 11 മീറ്റർ വീതിയും 18 മീറ്റർ നീളവുമുള്ള പാലമാണ് നിർമിക്കുന്നത്. പാലം കോൺക്രീറ്റ് പ്രവൃത്തി കഴിഞ്ഞിട്ട് ഒരുവർഷത്തോളമായി. രണ്ടുഭാഗത്തുമുള്ള റോഡുകൾ ഉയർത്തി പാലവുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തിയാണ് ഇനിയും പൂർത്തിയാകാതെ കിടക്കുന്നത്.
റോഡിന്റെയും പാലത്തിന്റെയും ഒരുവശം ഇരുവഞ്ഞിപ്പുഴയാണ്. ഈ വശത്തെ റോഡ് പാലത്തിനൊപ്പം കെട്ടിയുയർത്തിയ കരിങ്കൽഭിത്തി കഴിഞ്ഞ നവംബർ 18-ന് 50 മീറ്ററോളം നീളത്തിൽ ഇടിഞ്ഞ് പുഴയിൽ പതിച്ചിരുന്നു. ഇതേ വശത്തുതന്നെ മറ്റൊരറ്റത്തും കരിങ്കൽഭിത്തി കെട്ടി മണ്ണിട്ടുയർത്തിയത് മേയിൽ തകർന്നുവീണു. ഈ ഭാഗം മണ്ണിട്ടുയർത്തിയത് മഴയെത്തുടർന്ന് രണ്ടുതവണ വീണ്ടും ഇടിഞ്ഞുതകർന്നു. തുടർന്ന് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കരിങ്കൽഭിത്തി പുനർനിർമിക്കാൻ തുടങ്ങിയെങ്കിലും ഒരുമാസത്തോളമായി ഈ പ്രവൃത്തിയും നിലച്ചിരിക്കുകയാണ്. ഈ കരിങ്കൽഭിത്തി കെട്ടി പാലത്തിനൊപ്പം ഉയർത്തി റോഡ് മണ്ണിട്ടുയർത്തി ടാറിങ് നടത്തിയാലേ ഗതാഗതം പുനരാരംഭിക്കാനാവൂ. ഇതിന് ഇനിയും എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നറിയാത്ത അവസ്ഥയാണ്.
പാലംപണി തുടങ്ങിയതുമുതൽ ഗതാഗതം പൂർണമായും നിലച്ച സാഹചര്യത്തിൽ പ്രവൃത്തി വൈകുന്നതിനെതിരേ ഒട്ടേറെ സമരം നടന്നിരുന്നു. ഇതേത്തുടർന്ന് സ്ഥലം എംഎൽഎ ലിന്റോ ജോസഫ് ഇടപെട്ട് പാലത്തിന്റെ ഒരുവശത്തുകൂടി വാഹനങ്ങൾ കടത്തിവിടാൻ മാർച്ച് 28-ന് സൗകര്യമൊരുക്കിയിരുന്നു. വശങ്ങൾ കെട്ടാതെ മണ്ണിട്ടുയർത്തി താത്കാലികമായി വാഹനങ്ങൾ കടന്നുപോകാൻ ഒരുക്കിയ ഭാഗം മഴയിൽ തകർന്നതോടെ വീണ്ടും ഗതാഗതം നിലച്ചു. പിന്നീട് വീണ്ടും മണ്ണിട്ടുയർത്തി താത്കാലികമായി ഒരുക്കിയ ഭാഗത്തുകൂടി ചെറിയ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. വളരെ തിരക്കുള്ള ഈ റൂട്ടിൽ പരസ്പരം കടന്നുപോകാൻ പറ്റാതെ വാഹനങ്ങൾക്ക് ഏറെനേരം ക്യൂ നിൽക്കേണ്ടിവരുന്നുണ്ട്. ബസുകൾ, ലോറികൾ, ടിപ്പർ മുതലായവയ്ക്ക് നെല്ലിക്കാപ്പറമ്പ് വഴി ചുറ്റിക്കറങ്ങി കൊടിയത്തൂരെത്താൻ ഏഴും എട്ടും കിലോമീറ്റർ അധികം സഞ്ചരിക്കണം. പിടിഎം ഹയർസെക്കൻഡറി സ്കൂൾ, ചെറുവാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ, വാദി റഹ്‌മ സ്കൂൾ, കൊടിയത്തൂർ ജിഎംയുപി സ്കൂൾ, ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂൾ, മുക്കത്തെ വിദ്യാലയങ്ങൾ തുടങ്ങിയവയിൽ പഠിക്കുന്ന വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെയുള്ള സ്ഥിരംയാത്രക്കാരുടെ ദുരിതം അവസാനിക്കുന്നില്ല.







