Thiruvambady
തിരുവമ്പാടി ബസ് സ്റ്റാൻഡിൽ അനധികൃത പാർക്കിങ്

തിരുവമ്പാടി : തിരുവമ്പാടി ബസ് സ്റ്റാൻഡ് സ്വകാര്യവാഹനങ്ങൾ കൈയടക്കുന്നത് ഗതാഗതപ്രശ്നം സങ്കീർണമാകുന്നു. സ്റ്റാൻഡിൽ നൂറിൽപ്പരം ട്രാൻസ്പോർട്ട്, സ്വകാര്യ ബസുകൾ നിത്യേന കയറിയിറങ്ങുന്നുണ്ട്. നീളംകൂടിയ ബസുകൾ തിരിക്കാൻ പെടാപ്പാടുപെടുന്ന സ്റ്റാൻഡാണിത്. ഇതിനിടയിലാണ് തലങ്ങും വിലങ്ങുമായി സ്വകാര്യവാഹനങ്ങളുടെ അനധികൃത പാർക്കിങ്. കാറുകളും വാനുകളും ബൈക്കുകളും ഉൾപ്പെടെ സ്വകാര്യവാഹനങ്ങളുടെ നീണ്ട പാർക്കിങ് മൂലം വാഹനങ്ങൾ പലപ്പോഴും ഗതാഗതക്കുരുക്കിലകപ്പെടുന്നു. സ്ഥിരമായി മണിക്കൂറുകളോളം പാർക്ക് ചെയ്യുന്ന വാഹനങ്ങളുണ്ടിവിടെ.







