മുക്കം ഫെസ്റ്റ് 2023ന് പ്രൗഢഗംഭീരമായ തുടക്കം

മുക്കം: മലയോരത്തിന്റെ ഏറ്റവും വലിയ മഹോത്സവമായ മുക്കം ഫെസ്റ്റിന് തിരിതെളിഞ്ഞു. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 19 മുതൽ ഫെബ്രുവരി 5 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിന് വൻ ജനപങ്കാളിത്തത്തോടെ നടന്ന ഘോഷയാത്രയോടെയാണ് ആരംഭം കുറിച്ചത്.
മുക്കം ടൗണിൽ നിന്നാരംഭിച്ച് ഫെസ്റ്റ് ഗ്രൗണ്ടായ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ അവസാനിച്ച ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും മിഴിവേകി. ഘോഷയാത്രയെ തുടർന്ന് ഫെസ്റ്റ് ഗ്രൗണ്ടിൽ സംഘാടക സമിതി ചെയർമാൻ ലിന്റോ ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിലെയും തൊണ്ടിമ്മൽ സാൻജോ പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്‌കൂളിലെയും കുട്ടികൾ ചേർന്ന് ബലൂണുകൾ പറത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജനറൽ കൺവീനർ വി.കെ വിനോദ്, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി.കുഞ്ഞാലി, നഗരസഭാധ്യക്ഷൻ പി.ടി ബാബു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി.പി ജമീല, ജില്ലാ പഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, കെ.വി.വി.ഇ.എസ് പ്രസിഡന്റ് പി അലി അക്ബർ, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് കെ.ടി നളേശൻ, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, നഗരസഭാ ഉപാധ്യക്ഷ കെ.പി ചാന്ദ്നി, കാഞ്ചന കൊറ്റങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനെ തുടർന്ന് പാലാ പള്ളി ഫെയിം അതുൽ നറുകരയുടെ നേതൃത്വത്തിൽ കലാവിരുന്ന് അരങ്ങേറി.







