India

ഒമ്പത് പേരുടെ മൃതദേഹം കിണറ്റിൽ: ആത്മഹത്യയല്ല, കൂട്ടക്കൊലപാതകമെന്ന് പോലീസ്; മകളുടെ ഭർത്താവിനെ സംശയം;വിഷം നൽകി കിണറ്റിൽ തള്ളിയതെന്നും സൂചന

ഹൈദരാബാദ്: കുടിയേറ്റ തൊഴിലാളികളായ ഒമ്പത് പേരുടെ മൃതദേഹം വാറങ്കലിലെ ഫാക്ടറിക്ക് സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസ് ശ്രമം. ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒമ്പത് പേരെയീി കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഇതിനിടെ, സംഭവം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ അടിസ്ഥാനമാക്കിയാണ് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുന്നത്.

ബംഗാൾ സ്വദേശികളായ മഖ്‌സൂദ് ആലം, ഭാര്യ നിഷ, മക്കളായ ഷഹബാസ്, സൊഹൈൽ, ബുഷ്‌റ, ബുഷ്‌റയുടെ മൂന്നു വയസ്സുള്ള മകൻ, കുടിയേറ്റ തൊഴിലാളികളായ ശ്രീറാം, ശ്യാം, ഷക്കീൽ എന്നിവരെയാണ് കഴിഞ്ഞദിവസം കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചണമില്ലിലെ തൊഴിലാളികളാണ് ഇവരെല്ലാം. ഇവരിൽ നാല് പേരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ചയും ബാക്കി അഞ്ച് പേരുടേത് വെള്ളിയാഴ്ച രാവിലെയുമാണ് കിണറ്റിൽനിന്ന് കണ്ടെടുത്തത്.

സംഭവത്തിന്റെ തലേദിവസം ഫാക്ടറിയിൽ മഖ്‌സൂദിന്റെ നേതൃത്വത്തിൽ വിരുന്ന് സംഘടിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. മകൾ ബുഷ്‌റയുടെ മൂന്ന് വയസ്സുള്ള മകന്റെ ജന്മദിനാഘോഷമാണ് നടന്നത്. ഇതിൽ പങ്കെടുക്കാനായി മഖ്‌സൂദ് ഫാക്ടറിയിലെ മറ്റൊരു ഭാഗത്ത് താമസിച്ചിരുന്ന ബാക്കി മൂന്ന് പേരെയും ക്ഷണിച്ചിരുന്നു. ഇവരുടെ താമസസ്ഥലത്ത് നിന്ന് ഭക്ഷണാവശിഷ്ടങ്ങളും കൂൾ ഡ്രിങ്ക്‌സുകളും പോലീസ് കണ്ടെത്തി.

മഖ്‌സൂദിന്റെ മകൾ ബുഷ്‌റ ഭർത്താവിൽനിന്ന് വേർപിരിഞ്ഞ് ഏറെക്കാലമായി മാതാപിതാക്കളോടൊപ്പമാണ് താമസം. ഇതിനിടെ പ്രദേശത്തെ ഒരു യുവാവുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നതായും ഇത് വഴക്കിൽ കലാശിച്ചിരിക്കാമെന്നും പോലീസ് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബുഷ്‌റയുടെ ഭർത്താവിന് എന്തെങ്കിലും പങ്കുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ തള്ളിയതാകാനാണ് സാധ്യതയെന്നും പോലീസ് പറയുന്നു. 20 വർഷം മുമ്പാണ് മഖ്‌സൂദും കുടുംബവും വാറങ്കലിൽ എത്തിയത്.

Related Articles

Leave a Reply

Back to top button