Thiruvambady

ചുഴിയിലകപ്പെട്ട ക്യാമറ മുങ്ങിയെടുത്തു; സിനിമാസെറ്റിലെ താരങ്ങളായി വിദ്യാർഥികൾ

തിരുവമ്പാടി : സിനിമാചിത്രീകരണത്തിനിടെ പുഴയിൽവീണ്‌ കാണാതായ ഗോപ്രോ ക്യാമറ മുങ്ങിയെടുത്ത് താരങ്ങളായി വിദ്യാർഥികൾ.

പുല്ലുരാംപാറ പള്ളിപ്പടി പള്ളിപ്പാലത്തിനുസമീപം ഇരുവഞ്ഞിപ്പുഴയിൽ കഴിഞ്ഞദിവസം ‘ഡർബി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയാണ് സ്റ്റണ്ട് മാസ്റ്ററുടെ കൈയിൽനിന്ന്‌ ഗോ പ്രോ ക്യാമറ അബദ്ധത്തിൽ വെള്ളത്തിൽവീണ് കാണാതായത്. ശക്തിയായ കുത്തൊഴുക്കുള്ള ഭാഗത്താണ് ക്യാമറ വീണത്. സിനിമയുടെ അണിയറപ്രവർത്തകർ മുങ്ങൽവിദഗ്ധരെ എത്തിച്ച് സ്ഥലത്ത് പരിശോധനനടത്താനുള്ള ശ്രമത്തിനിടെയാണ് പാലത്തിനോടുചേർന്ന് താമസിക്കുന്ന കല്ലൂരാത്ത് ഷിബുവിന്റെ മക്കളായ സ്റ്റാൻലി ഷിബുവും ലിസ്റ്റിൻ ഷിബുവും, വാളിപ്ലാക്കൽ ബിനീഷിന്റെ മകനായ ലിബിനും ചേർന്ന് കുത്തൊഴുക്കിനെ വകവെക്കാതെ സാഹസികമായി പുഴയിലിറങ്ങി ക്യാമറ വീണ്ടെടുത്തത്.

പുല്ലുരാംപാറ സെയ്ന്റ് ജോസഫ്‌സ് ഹൈസ്കൂൾ വിദ്യാർഥികളാണ് സ്റ്റാലിനും ലിസ്റ്റിനും. ലിബിൻ ഹയർസെക്കൻഡറി വിദ്യാർഥിയും. ഇരുവഞ്ഞിപ്പുഴയിലെ ഏത് പ്രതികൂലകാലാവസ്ഥയിലും ഇറങ്ങാറുള്ള വൈദഗ്‌ധ്യമാണ് ഇവർക്ക് തുണയായത്. മൂവർക്കും ഉപഹാരങ്ങൾ സമ്മാനിച്ചാണ് സിനിമയുടെ അണിയറപ്രവർത്തകർ മടങ്ങിയത്.

Related Articles

Leave a Reply

Back to top button