വീണുകിട്ടിയ സ്വർണം ഉടമകൾക്ക് നൽകി യുവതികൾ

കാരശ്ശേരി : വീണുകിട്ടിയ സ്വർണാഭരണം ഉടമസ്ഥർക്ക് തിരിച്ചുനൽകി മെഡിക്കൽ ഷോപ്പിലെ ജീവനക്കാരികൾ. കാരശ്ശേരി സ്വദേശി കെ.പി. ഉമ്മയ്യയുടെ മൂന്നരപ്പവനിലേറെ തൂക്കംവരുന്ന മാലയാണ് വെള്ളിയാഴ്ച മുക്കത്ത് കാരശ്ശേരി മെഡിക്കൽസിൽനിന്ന് മരുന്നുവാങ്ങി മടങ്ങുമ്പോൾ വീണുപോയത്. മെഡിക്കൽ ഷോപ്പിലെ ജീവനക്കാരികളായ അമ്പിളിയും അലീമത്തും പുറത്തുപോയി ഉച്ചഭക്ഷണം കഴിച്ച് മടങ്ങിവരുമ്പോഴാണ് കടയുടെ സമീപത്ത് സ്വർണമാല വീണുകിടക്കുന്നതു കണ്ടത്. ആഭരണമെടുത്ത് കടയിൽത്തന്നെ സൂക്ഷിച്ചശേഷം ഉടമസ്ഥരെ അന്വേഷിക്കുന്നതിനിടയിലാണ് ഉമ്മയ്യ യാത്രചെയ്ത വഴികളിലെല്ലാം അന്വേഷിച്ച് മെഡിക്കൽ ഷോപ്പിലേക്കും എത്തിയത്.
ഉടമസ്ഥയെ തിരിച്ചറിഞ്ഞതോടെ മറ്റു ജീവനക്കാരുടെയും കാരശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം റുഖിയാ റഹീമിന്റെയും സാന്നിധ്യത്തിൽ ഉടമസ്ഥയ്ക്ക് കൈമാറി. നഷ്ടപ്പെട്ടെന്നുകരുതിയ നാലുലക്ഷത്തോളം വിലവരുന്ന ആഭരണം തിരിച്ചുകിട്ടിയതോടെ ഉമ്മയ്യ ജീവനക്കാർക്ക് നന്ദിപറഞ്ഞ് മടങ്ങി.






