മുക്കം സിഎച്ച്സിയുടെ കെട്ടിടം ചോർന്നു

മുക്കം : പ്രഗല്ഭരായ ഡോക്ടർമാർ, 24 മണിക്കൂർ സേവനം, ദിവസേന ഒട്ടേറെ പ്രസവങ്ങൾ… മുക്കം സിഎച്ച്സിയെക്കുറിച്ച് പണ്ടുള്ളവർക്ക് പറയാനേറെയുണ്ട്. എന്നാൽ, ഈ ആശുപത്രി ഇന്ന് ഇല്ലായ്മയിൽനിന്ന് വല്ലായ്മയിലേക്ക് കൂപ്പുകുത്തുകയാണ്.
ഇപ്പോഴിതാ, മൂന്നുമാസമായി ആശുപത്രിയിലെ എക്സ്റേ യൂണിറ്റും പ്രവർത്തിക്കുന്നില്ല.
അടുത്തിടെയാണ് ലക്ഷങ്ങൾ ചെലവഴിച്ച് ആശുപത്രിയിൽ എക്സ്റേ യൂണിറ്റ് സ്ഥാപിച്ചത്. എന്നാൽ, എക്സ്റേ യൂണിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം ചോർന്നൊലിക്കാൻതുടങ്ങിയതോടെ, സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭാ എൻജിനിയർമാർ കെട്ടിടം അൺഫിറ്റാണെന്ന് റിപ്പോർട്ടുനൽകി. ഇതോടെ, കഴിഞ്ഞ ജൂലായിൽ യൂണിറ്റ് അടച്ചുപൂട്ടി.വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിനുമുകളിൽ രണ്ടായിരം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കുകൾ അശാസ്ത്രീയമായി സ്ഥാപിച്ചതാണ് ചോർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. ചോർച്ചയ്ക്ക് പരിഹാരംകാണാൻ, കോൺക്രീറ്റ് മേൽക്കൂരയിൽ ആശുപത്രി ജീവനക്കാർ പുതിയസംവിധാനങ്ങൾ പരീക്ഷിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു.
ഒരു ഓപ്പറേറ്ററും അസിസ്റ്റൻ്റും ഉൾപ്പെടെ രണ്ടുജീവനക്കാരാണ് ഇവിടെയുണ്ടായിരുന്നത്. എക്സ്റേ യൂണിറ്റിന്റെ പ്രവർത്തനംനിലച്ചതോടെ, ഇവർക്ക് തൊഴിൽനഷ്ടമായ അവസ്ഥയാണ്. ഇവിടെയെത്തുന്ന രോഗികളാവട്ടെ, ഉയർന്നതുകനൽകി സ്വകാര്യസ്ഥാപനങ്ങളിൽനിന്ന് എക്സ്റേ എടുക്കേണ്ട ഗതികേടിലുമാണ്. ഈ വാട്ടർടാങ്കുകൾ മറ്റൊരുസ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയോ, എക്സ്റേ യൂണിറ്റ് മറ്റൊരുറൂമിൽ പുനഃസ്ഥാപിക്കുകയോ ചെയ്താലേ പ്രശ്നം പരിഹരിക്കാനാകൂ.






