പടിയിറങ്ങിപ്പോയ വിദ്യാലയത്തിലേക്ക് അവർ ഒരിക്കൽക്കൂടിയെത്തി

കാരശ്ശേരി : ജീവിതത്തിന്റെ മുപ്പതിലേറെ വർഷം ചെലവഴിച്ച് പടിയിറങ്ങി പോയ പൂർവാധ്യാപകരും അനധ്യാപകരും പഴയ വിദ്യാലയത്തിലേക്ക് അവർ ഒരിക്കൽക്കൂടി കൂട്ടമായെത്തി.ആനയാംകുന്ന് വയലിൽ മോയിഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ വാർധക്യത്തിലേക്ക് പ്രവേശിച്ച പൂർവ അധ്യാപകരും അധ്യാപകേതര ജീവനക്കാരുമാണ് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി സൗഹൃദം പങ്കുവെക്കാനും ഓർമ്മകൾ അയവിറക്കാനും സ്കൂളിൽ ഒത്തുചേർന്നത്. കൂട്ടുകൂടാം ഒരുകൂട്ടം പറയാം എന്ന പേരിൽ നടന്ന ഒത്തുചേരൽ മുൻ പ്രധാനാധ്യാപകൻ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഒറുവിങ്ങൽ ഇമ്പിച്ചിക്കോയ അധ്യക്ഷനായി. സി.പി. ചെറിയ മുഹമ്മദ്, യു.പി. അബ്ദുൽ ഹമീദ്, ഇ. മുഹമ്മദലി,
കെ.രവീന്ദ്രൻ, അബ്രഹാം വിൽസൻ, യൂനസ് പുത്തലത്ത്, പി.കെ. ഷെരീഫുദീൻ തുടങ്ങിയവർ സംസാരിച്ചു. കൂട്ടത്തിൽ ഏറ്റവും മുതിർന്ന ഇ.മുഹമ്മദലിയെ അഗസ്റ്റിൻ ജോസഫും ലക്ഷ്മിക്കുട്ടിയെ പ്രേമവല്ലി കുരുടത്തും ആദരിച്ചു. നർമസല്ലാപം , പാട്ട്, കവിതാലാപനം തുടങ്ങിയ പരിപാടികൾക്കും ഓർമ്മകൾ പങ്കുവെക്കലിനും സമൂഹസദ്യയ്ക്കും ശേഷം എല്ലാവരും സ്വന്തം നാടുകളിലേക്ക് മടങ്ങി.







