Thiruvambady

തിരുവമ്പാടി പുന്നക്കൽ റോഡ് നിർമ്മാണത്തിൽ ക്രമക്കേടുകൾ; യൂത്ത് കോൺഗ്രസ് സമരത്തിലേക്ക്

തിരുവമ്പാടി: തിരുവമ്പാടി – പുന്നക്കൽ റോഡ് പത്ത് മീറ്റർ വീതിയിലാക്കി ടാറിംഗ് ചെയ്യുന്ന പ്രവൃത്തിയുടെ രണ്ടാം റീച്ച് അവസാന ഘട്ടത്തിലാണുള്ളത്. റോഡിനു വശങ്ങളിലുള്ള ഭൂ ഉടമകളുടെ സഹകരണത്തോടെ ആണ് റോഡ് വീതി കൂട്ടി നവീകരിക്കുന്നത്. അഞ്ചും ആറും സെന്റ് മാത്രം ഉള്ളവർ മുതൽ മുന്നൂറും നാനൂറും മീറ്റർ ദൂരം റോഡരികിൽ സ്ഥലം ഉള്ളവർ വരെ സൗജന്യമായി ഭൂമി വിട്ടു നല്കിയിരുന്നു.

എന്നാൽ പുന്നക്കൽ അങ്ങാടിയോടടുത്ത ഭാഗങ്ങളിലുള്ള ചില ഭൂ ഉടമകൾക്ക് അധികൃതർ വഴിവിട്ട സഹായം ചെയ്തു കൊണ്ട് ചില ഭാഗങ്ങളിൽ പത്ത് മീറ്ററിലും കുറവ് വീതിയിലാണ് റോഡ് നിർമാണം നടത്തുന്നത് എന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.

കൂടാതെ പ്രവർത്തിയോടനുബന്ധിച് റോഡിനരികിലുള്ള ഇലക്ട്രിക് പോസ്റ്റുകളിൽ മാറ്റി സ്ഥാപിക്കുവാനായി എസ്റ്റിമേറ്റിൽ തീരുമാനിച്ചിരുന്നവയിൽ ഏകദേശം പകുതിയോളം എണ്ണം മാത്രമേ ഇപ്പോൾ മാറ്റുന്നുള്ളൂവെന്നും അവ മാറ്റുവാനുള്ള തുക മാത്രമേ PWDയിൽ അടച്ചിട്ടുള്ളൂ എന്നാണ് KSEB ഓഫീസിൽ നിന്നു ലഭിച്ച വിവരം.

തറിമറ്റം ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമറും മാറ്റി സ്ഥാപിക്കുവാനുള്ള ലിസ്റ്റിൽ ഇല്ല എന്നാണ് KSEB അറിയിച്ചിരിക്കുന്നത്. DPR ലും എസ്റ്റിമേറ്റിലും പറഞ്ഞിരിക്കുന്ന എല്ലാ പോസ്റ്റുകളും ട്രാൻസ്ഫോർമറും മാറ്റി സ്ഥാപിച്ചില്ലായെങ്കിൽ അത് അപകട കാരണമായി മാറും.

ആവശ്യമായ ഫണ്ട് KSEB അക്കൗണ്ടിൽ അടയ്ക്കാതെ കോൺട്രാക്ടർ നടത്തുന്ന ക്രമക്കേടുകൾക്ക് എതിരെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

1.800 മീറ്റർ റോഡിലെ പല ഭാഗത്തും അവശ്യമായിരുന്ന ഡ്രെയ്നേജുകൾ ഒഴിവാക്കിയിട്ടുണ്ട്, ചില ആളുകളുടെ സ്വാർത്ഥതാൽപ്പര്യം സംരക്ഷിക്കാൻ റോഡിന്റെ അലൈൻമെന്റ് തെറ്റിച്ചാണ് റോഡ് നിർമ്മാണം നടത്തുന്നത് എന്നും ആരോപണമുണ്ട്.റോഡ് നിർമ്മാണത്തിലെ അപാകതകളും, ക്രമക്കെടും പരിഹരിക്കണമെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് പുന്നക്കൽ മേഖല കമ്മറ്റി ആവശ്യപ്പെട്ടു.

ഇത് പരിഹരിച്ചില്ലങ്കിൽ ലോക്ഡൗൺ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ച് പ്രത്യക്ഷസമരവുമായി രംഗത്തുവരുമെന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. മേഖലാ പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡന്റ് അമൽ തങ്കച്ചൻ, ലിബിൻ ബെൻ, ഷൈൻ മനയാനിക്കൽ, ലിബിൻ അമ്പാട്ട്, റെനോൾഡ് ഷാജു, അഖിൽ മറ്റത്തിൽ, ഷെനിൽ ഷമ്മി, റോബിൻ ചക്കിട്ടമുറിയിൽ, മെൽബിൽ തുറുവേലിൽ, കിരൺ വടയാറ്റുകുന്നേൽ എന്നിവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button