Karassery

കാരശ്ശേരിയിൽ ആവേശത്തിര

കാരശ്ശേരി : നാട്ടുകാരിൽ ആവേശത്തിരകളിളക്കി പരസ്യപ്രചാരണത്തിന്റെ കലാശക്കൊട്ട്. ജനാധിപത്യസംസ്കാരം ഉയർത്തിപ്പിടിച്ച് സംഘർഷമോ ചീത്തവിളികളോ ഒന്നുമില്ലാതെ മാതൃകാപരമായ പ്രചാരണപ്രവർത്തനങ്ങളാണ് ഇത്തവണ എല്ലായിടത്തും അരങ്ങേറിയത്. കലാശക്കൊട്ട്‌ സമാധാനപരവും നിറപ്പകിട്ടാർന്നതും ഏറ്റവും ആവേശംനിറഞ്ഞതുമായിരുന്നു.

ചൊവ്വാഴ്ച രാവിലെമുതൽ ഗ്രാമഗ്രാമാന്തരങ്ങളിലും അങ്ങാടികളിലുമെല്ലാം അനൗൺസ്‌മെൻറ് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയായിരുന്നു. ഉച്ചകഴിഞ്ഞതോടെ കൂറ്റൻകൊടികളും പാർട്ടി പതാകകളുടെ നിറങ്ങളും ചിഹ്നങ്ങളുമുള്ള വേഷവും തൊപ്പിയും അലങ്കരിച്ച വാഹനങ്ങളുമൊക്കെയായി യുവാക്കളുടെ സംഘങ്ങൾ നിരത്തുകൾ കൈയടക്കി. വൈകുന്നേരമായതോടെ അങ്ങാടികളെല്ലാം പാർട്ടി പ്രവർത്തകരെക്കൊണ്ട് നിറഞ്ഞു. ഇതുകാണാനായി സ്ത്രീകളും കുട്ടികളുമടക്കം ധാരാളംപേരും തിങ്ങിക്കൂടി. ആവേശംവിതറിയ പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും പാട്ടുകളുമൊക്കെയായി ആവേശത്തിന്റെ കൊടുമുടിയേറി. ആറുമണിയോടെ കൊടിയിറങ്ങി. എല്ലാവരും ഇനി നിശ്ശബ്ദപ്രചാരണത്തിലേക്ക് തിരിയാൻ മടങ്ങി.

Related Articles

Leave a Reply

Back to top button