Thiruvambady
കാളിയാമ്പുഴപ്പാലം പ്രവൃത്തി ഇഴയുന്നു

തിരുവമ്പാടി : കിഫ്ബി പദ്ധതിയിൽ 108.314 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് പ്രവൃത്തി ഇഴയുന്നതായി ആക്ഷേപം. നിർമാണം ആരംഭിച്ച ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പ്രവൃത്തി 2024 മാർച്ചിൽ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. കേരള റോഡ് ഫണ്ട് ബോർഡ് നിർവഹണം നടത്തുന്ന പദ്ധതിയുടെ കാലാവധി രണ്ടുവർഷമാണ്.
ഒന്നര വർഷം പിന്നിട്ടിട്ടും വലിയ ഭാഗം പണികൾ ബാക്കി നിൽക്കുന്നു. റോഡിന്റെ പല ഭാഗങ്ങളും പ്രവൃത്തിയുടെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയാണ്. കാളിയാമ്പുഴപ്പാലം പുനർനിർമാണ പ്രവൃത്തി കാരണം ഏറെ ചുറ്റിവളഞ്ഞുവേണം ഇരുകരകളിലുമുള്ളവർക്ക് പുറംലോകത്തെത്താൻ. വിദ്യാർഥികൾ ഉൾപ്പെടെയുളള സ്ഥിരംയാത്രക്കാർ വലയുകയാണ്.







