മുസ്‌ലിംലീഗ് പ്രവർത്തകർ അക്രമം നടത്തിയ സംഭവത്തിൽ ഒൻപതാളുടെ പേരിൽ പോലീസ് കേസെടുത്തു

പുതുപ്പാടി : ആഹ്ളാദപ്രകടനത്തിനിടെ എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥിയുടെ ബന്ധുവിന്റെ വീടിനുനേരേ മുസ്‌ലിംലീഗ് പ്രവർത്തകർ അക്രമം നടത്തിയ സംഭവത്തിൽ ഒൻപതാളുടെ പേരിൽ താമരശ്ശേരി പോലീസ് കേസെടുത്തു. മുസ്‌ലിംലീഗ് പ്രവർത്തകരായ കോയ ഷംനാസ്, അജ്മൽ, അനസ്, സിനാൻ അബ്ദുറഹിമാൻ, കണ്ടാലറിയാവുന്ന അഞ്ച് മുസ്‌ലിംലീഗ് പ്രവർത്തകർ എന്നിവരുടെ പേരിലാണ് കേസെടുത്തത്. അന്യായമായി സംഘംചേരൽ, കലാപശ്രമം, വീടുകയറി അതിക്രമം, ദേഹോപദ്രവമേൽപ്പിക്കൽ, ആയുധമുപയോഗിച്ചുള്ള അക്രമം, ക്രിമിനൽഭീഷണി, സ്ഫോടകവസ്തു പ്രയോഗം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. പുതുപ്പാടി മലപുറം നെരൂക്കുംചാൽ മുതിരപറമ്പത്ത് സൈഫുദ്ദീൻ തങ്ങളുടെ പരാതിയിലാണ് നിയമനടപടി.
തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനദിനമായ ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പുതുപ്പാടി പഞ്ചായത്തിലെ പതിനെട്ടാംവാർഡായ മലപുറത്ത് മുസ്‌ലിംലീഗ് സ്ഥാനാർഥിയായിരുന്നു വിജയിച്ചത്. മുൻഗ്രാമപ്പഞ്ചായത്തംഗമായ അബ്ദുൾ ജലീൽ കോയ തങ്ങളായിരുന്നു എൽഡിഎഫിന്റെ സ്വതന്ത്രസ്ഥാനാർഥി. പിതൃസഹോദരൻ സൈഫുദ്ദീൻ തങ്ങളുടെ കുടുംബമായിരുന്നു അബ്ദുൽ ജലീൽ കോയ തങ്ങൾക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കൈമാറിയിരുന്നത്. വാർഡിലും പഞ്ചായത്തിലും യുഡിഎഫ് ജയിച്ചതിൽ ആഹ്ളാദിച്ച് മലപുറത്തുനടന്ന പ്രകടനത്തിനിടെ ഒരുവിഭാഗം മുസ്‌ലിംലീഗ് പ്രവർത്തകർ സൈഫുദ്ദീൻ തങ്ങളുടെ വീടിനുമുറ്റത്തേക്ക് ഇരുമ്പുവടിയും മറ്റുമായി അതിക്രമിച്ചെത്തി അക്രമം നടത്തിയെന്നാണ് പരാതി. അക്രമത്തിൽ പ്രതിഷേധിച്ച് പുതുപ്പാടി പഞ്ചായത്ത് എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് മലപുറത്ത് പ്രകടനവും പ്രതിഷേധ പൊതുയോഗവും നടത്തും.







