തിരുവമ്പാടി യു.ഡി.എഫ് തിരിച്ച് പിടിക്കും: പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ

തിരുവമ്പാടി: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.എഫ് തിരിച്ച് പിടിക്കുമെന്ന് കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കായി ചേർന്ന തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ വ്യക്തമാക്കി.
ഫെബ്രുവരി 12ന് രാവിലെ 10 മണിക്ക് തിരുവമ്പാടിയിലെത്തുന്ന പുതുയുഗയാത്രയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി വ്യാപാരഭവനിൽ ചേർന്ന കൺവെൻഷൻ ടി.ജെ കുര്യാച്ചന്റെ അധ്യക്ഷതയിൽ നടന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങൾ യു.ഡി.എഫിന് അനുകൂലമായ ശക്തമായ ജനവിധിയാണെന്ന് കൺവെൻഷനിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.ശബരിമലയിൽ നടന്ന വൻ സ്വർണ കവർച്ച, ഭരണതലങ്ങളിലെ അഴിമതി, കെടുകാര്യസ്ഥത, വിവിധ മേഖലകളിൽ നടക്കുന്ന പിൻവാതിൽ നിയമനങ്ങൾ എന്നിവയ്‌ക്കെതിരെ ജനങ്ങൾക്കുള്ള അമർഷമാണ് ഇടത് സർക്കാരിന്റെ ഭരണാവസാനത്തിലേക്ക് നയിക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു.
കൺവെൻഷൻ യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സി.കെ. കാസിം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി. തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കൾ കൺവെൻഷനിൽ സംസാരിച്ചു.







