Pullurampara

ജോലി ചെയ്ത സ്കൂളിന് ലൈബ്രറി സമ്മാനിച്ച്, പ്രമോഷനായി സ്ഥലംമാറി പോകുന്ന അദ്ധ്യാപകൻ

പുല്ലൂരാംപാറ: കഴിഞ്ഞ ഒമ്പത് വർഷക്കാലം പുല്ലൂരാംപാറ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ശ്രീ ബിനു ജോസ് ഹെഡ്മാസ്റ്ററായി സ്ഥാനക്കയറ്റം ലഭിച്ച് ഇന്നലെ (01-06-2020) നെല്ലിപ്പൊയിൽ സ്കൂളിൽ ചാർജ്ജെടുത്തു. നല്ലൊരു ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരിക്കെത്തന്നെ മലയാള സാഹിത്യത്തിലും നല്ല പാണ്ഡിത്യമുള്ള ബിനു സർ മികച്ച ഒരു അദ്ധ്യാപകൻ എന്നതിനൊപ്പം നല്ലൊരു കലാകാരനും സംഘാടകനും ജീവകാരുണ്യ പ്രവർത്തകനും കൂടിയാണ്.

പുല്ലൂരാംപാറ സ്കൂളിലും തിരുവമ്പാടി ടൗണിലുമായി നിരവധി പഴയകാല മലയാള ഗാന സായാഹ്നങ്ങളും ഗസൽ സന്ധ്യകളും ഒരുക്കിയിട്ടുള്ള ഇദ്ദേഹം തിരുവമ്പാടി ലിസ പെയിൻ ആന്റ് പാലിയേറ്റീവ് യൂണിറ്റിന്റെയും വിൻസന്റ് ഡി പോൾ സംഘടനയുടെയും സജീവ പ്രവർത്തകനുമാണ്.

കുട്ടികളുടെ വായനാ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ നല്ലൊരു ക്ലാസ് ലൈബ്രറിയും ബിനുസാർ ആരംഭിച്ചിരുന്നു. ഭൂരിഭാഗം പുസ്തകങ്ങളും സ്വന്തം പണം മുടക്കിത്തന്നെയാണ് ഇദ്ദേഹം സംഘടിപ്പിച്ചത്. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹപ്രവർത്തകരുടെയും സഹകരണത്തോടെ ഒരു അലമാരയും സംഘടിപ്പിച്ച് ഈ ലൈബ്രറി ക്ലാസ്റൂമിനുള്ളിൽ തന്നെ സജ്ജമാക്കുകയും ചെയ്തു.

സ്ഥലം മാറിപ്പോകുന്ന അവസരത്തിൽ ഈ ലൈബ്രറി പൂർണ്ണമായും സ്കൂളിന് സംഭാവന ചെയ്തുകൊണ്ട് നല്ലൊരു മാതൃകയാണ് ശ്രീ ബിനു ജോസ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു

Related Articles

Leave a Reply

Back to top button