തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് രോഗികൾക്ക് ഉല്ലാസയാത്ര ഒരുക്കി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് രോഗികൾക്കായി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് പ്രത്യേക ഉല്ലാസയാത്ര സംഘടിപ്പിച്ചു. ‘ഹൃദയത്തിൽ സൂക്ഷിക്കാൻ’ എന്ന പേരിൽ ഒരുക്കിയ യാത്ര വയനാട് മേപ്പാടിയിലെ ബോച്ചേയുടെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കർ വിസ്തൃതിയുള്ള റിസോർട്ടിലേക്കായിരുന്നു.
പ്രകൃതി രമണീയമായ മലനിരകളും തേയിലത്തോട്ടങ്ങളും കടന്നുപോയ യാത്ര രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഹൃദയത്തിൽ സൂക്ഷിക്കാവുന്ന അനുഭവമായി മാറി. രോഗങ്ങളാലും മാനസിക–ശാരീരിക പ്രയാസങ്ങളാലും വീടിനുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന രോഗികൾക്ക് ഈ ഉല്ലാസയാത്ര വലിയ ആശ്വാസവും ആത്മവിശ്വാസവും പകർന്നു.
നൂറ്റിപത്തോളം പേർ—രോഗികൾ, കൂട്ടിരിപ്പുകാർ, വളണ്ടിയർമാർ—യാത്രയിൽ പങ്കെടുത്തു. പാട്ടും നൃത്തവും നിറഞ്ഞ ഒരു ദിനം റിസോർട്ടിലും തേയിലത്തോട്ടത്തിലും അവർ ആസ്വദിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. അജിത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനോജ് സെബാസ്റ്റ്യൻ, വാർഡ് മെമ്പർമാരായ മറിയാമ്മ ബാബു, ടി.കെ. ശിവൻ, സ്മിതാ ബാബു, പ്രീതി രാജീവ്, സരസ്വതി, സജിന മുഹമ്മദലി, കെ.ബി. റിനി, ഷീബ പ്രകാശ്, ഷീന അനീഷ് എന്നിവർ പങ്കെടുത്തു.
കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർമാരായ ഡോ. കെ.വി. പ്രിയ, ഡോ. സ്മിത എ. റഹ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ്, പാലിയേറ്റീവ് നഴ്‌സ് ടി.എ. ലിസി, കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ, ആശ പ്രവർത്തകർ, പാലിയേറ്റീവ് വളണ്ടിയർമാർ എന്നിവർ ഉല്ലാസയാത്രയ്ക്ക് നേതൃത്വം നൽകി.






