Mukkam

വികസനമില്ല, കാഴ്ചപ്പാടുമില്ല: കാരശ്ശേരി പഞ്ചായത്ത് ബജറ്റ് വെറും പ്രഹസനമെന്ന് യു ഡി എഫ്

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തെ ബജറ്റ് വികസന കാഴ്ചപ്പാടില്ലാത്തതും ജനങ്ങളെ വഞ്ചിക്കുന്നതുമാണെന്ന് ആരോപിച്ച് യു ഡി എഫ് അംഗങ്ങൾ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ബജറ്റ് അതേപടി പകർത്തി മാറ്റമില്ലാതെ അവതരിപ്പിച്ചതാണ് ഇത്തവണത്തെ ബജറ്റെന്നും, ഇതിലൂടെ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ വ്യക്തമായെന്നും യു ഡി എഫ് നേതാക്കൾ പറഞ്ഞു.

മലയോര ഗ്രാമപഞ്ചായത്തായ കാരശ്ശേരിയുടെ പ്രധാന ആവശ്യങ്ങളായ കാർഷിക വികസനം, വിദ്യാഭ്യാസ പുരോഗതി, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് ബജറ്റിൽ യാതൊരു പ്രാധാന്യവും നൽകിയിട്ടില്ലെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത ബജറ്റ് വെറും പ്രഹസനമായി മാത്രമാണ് മാറിയതെന്നും അവർ ആരോപിച്ചു.

ബജറ്റിൽ സമഗ്രമായ വികസന കാഴ്ചപ്പാട് ഇല്ലാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് യു ഡി എഫ് അംഗങ്ങൾ പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന് യു ഡി എഫ് അംഗങ്ങളായ ജംഷീദ് ഒളകര, ടി. എം. ജാഫർ, മുസീർ കൽപ്പൂർ, എൻ. കെ. അൻവർ, സി. കെ. വിജീഷ്, അമിന ബാനു, ഹസീന ബഷീർ, സീനത്ത് കവണഞ്ചേരി എന്നിവർ നേതൃത്വം നൽകി സംസാരിച്ചു.

Related Articles

Leave a Reply

Back to top button