ചെറുവാടി പുഞ്ചപ്പാടം പൂർണമായും കൃഷിയോഗ്യമാക്കും

കൊടിയത്തൂർ : ചെറുവാടി പുഞ്ചപ്പാടം പൂർണമായും കതിരണിയിക്കാൻ പദ്ധതിയുമായി ഗ്രാമപ്പഞ്ചായത്ത്. ഇതിന്റെഭാഗമായി ചെറുകിട ജലസേചനവകുപ്പിന്റെ സഹകരണത്തോടെ കൂട്ടക്കടവിലെ റെഗുലേറ്റർ കം ബ്രിഡ്ജിന് ഹൈഡ്രോളിക് ഷട്ടർ സ്ഥാപിക്കുന്നതിന് നടപടി തുടങ്ങി. ഇതിനായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി.
നിലവിൽ ബ്രിഡ്ജിന്റെ വി.സി.ബി.യുടെ ഷട്ടർ മാന്വലായി പ്രവർത്തിക്കുന്നതാണ്. ഷട്ടറുകൾ കൈകൊണ്ട് കറക്കി ഉയർത്തുകയും താഴ്ത്തുകയും വേണം. ഇത് വളരെ ആയാസമേറിയ പ്രവൃത്തിയാണ്. മാത്രമല്ല, പെട്ടെന്ന് വെള്ളപ്പൊക്കവുംമറ്റുമുണ്ടാവുമ്പോൾ ഷട്ടർ ഉയർത്താനും താഴ്ത്താനും സമയമെടുക്കുന്നതും പ്രതിസന്ധിയുണ്ടാക്കാറുണ്ട്. എന്നാൽ, ഹൈഡ്രോളിക് സംവിധാനം സ്ഥാപിക്കുന്നതോടെ ഈ പ്രയാസങ്ങൾ കുറയും.
ചെറുവാടി പുഞ്ചപ്പാടത്തിനുമധ്യത്തിലൂടെ ഒഴുകുന്ന കല്ലൻതോടിനാണ് കൂട്ടക്കടവിൽ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിച്ചിട്ടുള്ളത്. തോട്ടിലെയും വയലിലെയും ജലവിതാനത്തെ ക്രമീകരിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിനെ ആശ്രയിച്ചാണ് പ്രധാനമായും കൃഷിനടക്കുന്നത്.







