Kodanchery

ചെറുകിട ജലവൈദ്യുത പദ്ധതികൾ വൈദ്യുതോത്പാദനത്തിന് സജ്ജമാകുന്നു

കോടഞ്ചേരി: മലയോര മേഖലയിൽ കാലവർഷം നേരത്തേ ആരംഭിച്ച സാഹചര്യത്തിൽ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ വൈദ്യുതോത്പാദനം ഉടൻ ആരംഭിക്കാൻ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. ഇരുവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും പ്രവർത്തിക്കുന്ന സർക്കാർ-സ്വകാര്യ ജലവൈദ്യുത നിലയങ്ങളിലെ അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഇരുവഴിഞ്ഞിപ്പുഴയിൽ പ്രവർത്തിക്കുന്ന സ്വകാര്യ പദ്ധതികളായ ആനക്കാംപൊയിൽ പവർ പ്രൊജക്റ്റ് ലിമിറ്റഡ്, മിനാർ കമ്പനിയുടെ പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതി, സിയാലിന്റെ അരിപ്പാറ പദ്ധതി എന്നിവിടങ്ങളിലും ചാലിപ്പുഴയിലെ കെ.എസ്.ഇ.ബി.യുടെ ചെമ്പുകടവ് ഒന്നും രണ്ടും ഘട്ട പദ്ധതികളിലുമാണ് പ്രധാനമായും നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

തടയണകളിൽ അടിഞ്ഞുകൂടിയ മണ്ണ്, മണൽ, ചെളി, മാലിന്യങ്ങൾ എന്നിവ നീക്കം ചെയ്യുന്നതിനോടൊപ്പം ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. നീരൊഴുക്ക് ആരംഭിക്കുമ്പോൾ ഒരു ജനറേറ്റർ പ്രവർത്തിപ്പിക്കുകയും മഴ ശക്തമാകുന്നതനുസരിച്ച് മുഴുവൻ ജനറേറ്ററുകളും പ്രവർത്തനസജ്ജമാക്കുകയും ചെയ്യുന്നതാണ് പതിവ്. മഴ തുടർന്നാൽ ഈ മാസം അവസാനത്തോടെ വൈദ്യുതോത്പാദനം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.2003-ൽ പ്രവർത്തനം ആരംഭിച്ച ചെമ്പുകടവ് പദ്ധതിയിലെ ഷട്ടറുകളുടെ ബീഡിങ് 28 വർഷത്തിനുശേഷം ആദ്യമായി മാറ്റുന്നതും ശ്രദ്ധേയമാണ്.

ചെമ്പുകടവ് ഒന്നാംഘട്ടത്തിൽ മൂന്ന് ജനറേറ്ററുകളിലായി മണിക്കൂറിൽ 2700 യൂണിറ്റും രണ്ടാംഘട്ടത്തിൽ 3750 യൂണിറ്റും വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി തമ്പലമണ്ണ സബ്സ്റ്റേഷനിലൂടെ വിതരണം ചെയ്യുന്നു. സാധാരണയായി ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലത്താണ് ഇരു ഘട്ടങ്ങളിലും പൂർണോത്പാദനം നടക്കുന്നത്.മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ മഴ ലഭിച്ചതിനെ തുടർന്ന് 10 ശതമാനം അധിക വൈദ്യുതി ഉത്പാദിപ്പിക്കാനായതായി അധികൃതർ അറിയിച്ചു. ഈ വർഷം ആകെ 1.27 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്.

ഇരുവഴിഞ്ഞിപ്പുഴയിൽ പ്രവർത്തിക്കുന്ന മൂന്ന് സ്വകാര്യ ചെറുകിട ജലവൈദ്യുത പദ്ധതികളിലായി എട്ട് ജനറേറ്ററുകളാണുള്ളത്. 20.5 മെഗാവാട്ടാണ് ആകെ സ്ഥാപിതശേഷി. ഓരോ നിലയത്തിലും പ്രതിവർഷം 20 മില്യൺ യൂണിറ്റിലധികം വൈദ്യുതി ഉത്പാദിപ്പിക്കുന്നതായി കണക്കാക്കുന്നു. 70 കോടി രൂപയിലധികം മുതൽമുടക്കുള്ള ഓരോ പദ്ധതിയിലും ഏഴുകോടി രൂപയ്ക്കുമുകളിൽ മൂല്യമുള്ള വൈദ്യുതി പ്രതിവർഷം ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് ഏകദേശ വിലയിരുത്തൽ.മിനാർ കമ്പനിയുടെ നാരങ്ങാത്തോട്ടിലെ പതങ്കയം ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഇത്തവണ 24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.പുഴയിൽ ബണ്ട് നിർമ്മിച്ച് സംഭരിക്കുന്ന ജലം പെൻസ്റ്റോക്ക് പൈപ്പിലൂടെ ടർബൈനിലെത്തിച്ചാണ് വൈദ്യുതോത്പാദനം നടത്തുന്നത്.

Related Articles

Leave a Reply

Back to top button