തിരുവമ്പാടിയിൽ താമസിച്ച് കാർഷിക ടൂറിസം ആസ്വദിച്ച് ശ്രീകൃഷ്ണപുരത്തെ കർഷകർ

തിരുവമ്പാടി: പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരം ബ്ലോക്കിൽ നിന്നുള്ള 35 അംഗ കാർഷിക പഠനസംഘം തിരുവമ്പാടിയിലെ ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിച്ചു. കാഫ്റ്റ് പ്രൊജക്ടിന്റെ ഭാഗമായാണ് സംഘം ഫാം ടൂറിസം സർക്യൂട്ടിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചത്.
കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.വി. ശ്രീജ, കൃഷി ഓഫീസർ സുനിത പി., അസിസ്റ്റന്റ് കൃഷി ഓഫീസർ സജി സി., കൃഷി അസിസ്റ്റന്റ് സെന്തിൽ കുമാർ, ആത്മ ഉദ്യോഗസ്ഥരായ ഐശ്വര്യ, കൃഷ്ണപ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ഒരു ദിവസം ഇവിടെ താമസിച്ച സംഘം സർക്യൂട്ടിലെ വിവിധ ഫാമുകളും കാർഷിക സംരംഭങ്ങളും നേരിട്ട് സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കി.
ആനക്കാംപൊയിൽ ദേവസ്യ മുളക്കലിന്റെ ഫ്രൂട്ട് ഫാം വില്ലയിലാണ് സംഘത്തിന് താമസ സൗകര്യം ഒരുക്കിയത്. വിപുലമായ ഒരു സംഘം താമസിച്ച് പഠനം നടത്തുന്നതിനായി ഇരവഞ്ഞിവാലി ഫാം ടൂറിസം സർക്യൂട്ട് സന്ദർശിക്കുന്നത് ആദ്യമായാണ്.
കർഷകർ സ്വന്തം ഫാമുകൾ മനോഹരമായി സംരക്ഷിക്കുകയും അവയെ പരസ്പരം ബന്ധിപ്പിച്ച് ഒരു ടൂറിസം സർക്യൂട്ടായി വികസിപ്പിക്കുകയും ചെയ്തിരിക്കുന്ന സംരംഭം ഏറെ അനുകരണീയമായ മാതൃകയാണെന്ന് ശ്രീകൃഷ്ണപുരം കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.വി. ശ്രീജ പറഞ്ഞു.
ജോസ് പുരയിടത്തിലിന്റെ ഗോട്ട് ഫാം, ഡൊമിനിക് മണ്ണുക്കുശുമ്പിലിന്റെ കാർമൽ അഗ്രോഫാം, ബീന അജുവിന്റെ താലോലം പ്രൊഡക്ട്സ്, കോടഞ്ചേരി കണ്ണോത്ത് തുഷാര ഹണി പ്രോസസ്സിംഗ് യൂണിറ്റ്, വികാസിന്റെ വിംഗ്സ് ലാൻഡ് എക്സോട്ടിക് പാർക്ക് എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി.
കാഫ്റ്റ് കോഓർഡിനേറ്ററും ഇരവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി പ്രസിഡന്റുമായ അജു എമ്മാനുവൽ സന്ദർശക സംഘത്തിന് ആവശ്യമായ സഹായസഹകരണങ്ങൾ നൽകി.







