Mukkam

ചുരം കയറി, ബോട്ട് യാത്ര നടത്തി, ഡാമും കണ്ടു;പാലിയേറ്റീവ് രോഗികൾക്ക് വേറിട്ട അനുഭവമായി സ്നേഹ യാത്ര ഒരുക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്

മുക്കം: പലരും വർഷങ്ങൾക്കു ശേഷമാണ് ഇത്രയും ദീർഘമായ ഒരു യാത്ര നടത്തുന്നത്. ധാരാളം മനുഷ്യരെ കാണുന്നത്. വർഷങ്ങൾകൊണ്ട് സ്വന്തം നാടിനുണ്ടായ മാറ്റങ്ങൾ കാണുന്നത്. ചുരവും കായലുമൊക്കെ അടുത്തറിയുന്നത്.

കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും പെയിൻ ആൻഡ് പാലിയേറ്റിവ് അസോസിയേഷനും കിടപ്പുരോഗികൾക്കായി വയനാട്ടിലേക്ക് സംഘടിപ്പിച്ച യാത്രയാണ് പരിമിതികൾക്കുള്ളിലെ വിശാലതയെ അടയാളപ്പെടുത്തിയത്. ചിരിച്ചും കളിച്ചും ഉല്ലസിച്ചും ഓർമകളുടെ ഓളങ്ങളിലേക്കും പരിവേദനകളുടെ ലാളനകളിലേക്കും ഊളിയിട്ട് നടത്തിയ യാത്ര ഇവരുടെ ജീവിതത്തിലെ അപൂർവ സംഭവമാണ്.

താമരശ്ശേരി ചുരം, പൂക്കാേട്ത തടാകം, കാരാപ്പുഴ ഡാം എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഈ ലോകത്ത് സ്വപ്നങ്ങൾ ഒതുക്കി കഴിയാൻ വിധിക്കപ്പെട്ട ഒരുപറ്റം മനുഷ്യരുടെ ഹൃദയ വേദനകൾക്ക് സ്വാന്തനമാവാനും യാത്രക്കായി. വീൽചെയർ ഉപയോഗിക്കുന്ന 20 ഓളം പേരടക്കം നാൽപ്പതോളം കിടപ്പുരോഗികളും അവരുടെ പരിചാരകരും വളണ്ടിയർമാരും ആയിരുന്നു യാത്രയിൽ ഉണ്ടായിരുന്നത്. പലരും പതിറ്റാണ്ടുകൾക്കു ശേഷമാണ് ബസ്സിൽ കയറുന്നത്. കാലം വരുത്തിയ മാറ്റങ്ങളെ ഏറെ കൗതുകത്തോടെയാണ് ഇവർ വീക്ഷിച്ചത്.

പരിഭവങ്ങളോ പരാതികളോ ഇല്ലാതെ നാലു ചുവരുകളുടെ വിശാല ലോകത്ത് ജീവിതത്തിന്റെ മുറിവുകൾക്ക് ശമനം ആരാഞ്ഞ് കഴിയുന്ന കിടപ്പുരോഗികൾക്ക് ഏറെ ആശ്വാസമാണ് ഇത്തരം യാത്രകൾ നൽകുന്നത്. ഉല്ലാസയാത്ര ചെറുവാടിയിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കവിത ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻ്റ് സുജ ടോം അധ്യക്ഷത വഹിച്ചു.

സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കസ്ന ഹമീദ്, പ്രേമ കോട്ടമ്മൽ, പഞ്ചായത്തംഗങ്ങളായ കെ.വി നിയാസ്, എം പി ജുമൈല, എസ്.എ നാസർ,ടി.പി ഷറഫുദ്ധീൻ, കെ.സി യൂസഫ്, സുഹാസ്, ഹസീന പുതിയാേട്ടിൽ,ഡോ:നിമിയ, ഹെൽത്ത് ഇൻസ്പെക്ടർ ബ്രിജിത്ത് ,പാലിയേറ്റീവ് നഴ്സുമാരായ
സി.ടി സലീജ, കെ. ബീന, കെ.കെ സുനീറ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരായ സിദ്ധീഖ് പുറായിൽ,
മോയിൻ ബാപ്പു, എൻ.ജമാൽ, അഷ്റഫ് കൊളക്കാടൻ, സലീം, തുടങ്ങിയവർ സംസാരിച്ചു.
പാലിയേറ്റീവ് ഭാരവാഹികളായ പി.എം നാസർ, എ.എം ബഷീർ, കെ.എ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.

ചേർത്തുപിടിക്കാൻ കൈകൾ എത്താത്തതിനാൽ വിധിയിൽ ക്ഷമിച്ചും സങ്കടങ്ങൾ ഉള്ളിലൊതുക്കിയും ജീവിതം വീടകങ്ങളിൽ തളക്കപ്പെട്ടു കഴിയുന്ന ഭിന്നശേഷിക്കാർക്കും പരിചാരകർക്കും ‘സ്നേഹ യാത്ര’
ജീവിതത്തിൽ പുതിയ അനുഭവമായി മാറി. മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കപ്പുറം, പോയ കാലത്തിന്റെ വികൃതികളിൽ തങ്ങൾക്കു നഷ്ട്ടമായ സന്തോഷ ദിനങ്ങൾ അവർ ഒരു പകൽ കൊണ്ട് തിരിച്ചുപിടിക്കുകയായിരുന്നു

Related Articles

Leave a Reply

Back to top button