Local

കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഇടതുസർക്കാരിന്റെ കള്ളക്കളി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ്സ്.

തിരുവമ്പാടി: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ട സംരക്ഷത്തിനുള്ള അന്തിമറിപ്പോർട്ട് സമർപ്പിക്കുമ്പോൾ പരിസ്ഥിതിലോല മേഖലയിൽ നിന്നും കേരളത്തിലെ 123 വില്ലേജുകളിലെയും ജനവാസകേന്ദ്രങ്ങളും, തോട്ടങ്ങളും കൃഷിയിടങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ്സ് (ഐ) നേതൃയോഗം കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.

മുൻപ് കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ ആക്ഷേപം ഉയർന്നപ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ ഉമ്മൻ വി ഉമ്മൻ കമ്മീഷനെ നിയമിക്കുകയും കമ്മീഷൻ സമഗ്രമായ പഠനവും ചർച്ചയും നടത്തി വില്ലേജ് അടിസ്ഥാന യൂണിറ്റായി കണക്കാക്കണമെന്ന് കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറയുന്നത് പ്രായോഗികമല്ലെന്ന് തെളിവുകൾ നിരത്തി ചൂണ്ടിക്കാണിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ റിസർവ്വ് ഫോറസ്റ്റും, ലോക പൈതൃകപ്രദേശങ്ങളും, സംരക്ഷിത മേഖലകളും മാത്രം പരിസ്ഥിതിലോല മേഖലയിൽ പെടുത്തുകയും 123 വില്ലേജുകളിലെയും ജനവാസ മേഖലകളും, തോട്ടങ്ങളും, കൃഷിയിടങ്ങളും പൂർണ്ണമായും പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്ന നിലപാട് ഉമ്മൻ ചാണ്ടി സർക്കാർ സ്വീകരിക്കുകയും, ഈ നിലപാട് കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു.

ഈ നിലപാടിൽ പുകമറ സൃഷ്ടിച്ച് തെറ്റിദ്ധാരണ പരത്തി ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സമരം ചെയ്ത ഇടതുമുന്നണി ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാട് ഇരട്ടത്താപ്പും കർഷകദ്രോഹവുമാണെന്നും 92 വില്ലേജുകളെ പൂർണ്ണമായും പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്താമെന്ന പിണറായി സർക്കാരിന്റെ നിലപാട് തിരുത്താൻ തയ്യാറാകണമെന്നും, ഗോവ ഫൗണ്ടേഷൻ സുപ്രീം കോടതിയിൽ നൽകിയ ഹർജിക്ക്, കേരളത്തിന് കിട്ടിയ നോട്ടീസിന് മറുപടി നൽകുമ്പോൾ, 123 വില്ലേജുകളിലെയും തോട്ടങ്ങൾ, കൃഷിയിടങ്ങൾ, ജനവാസ മേഖലകൾ ഇവയെ പൂർണ്ണമായും ഒഴിവാക്കി മറുപടി നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. നേതൃയോഗം ഡി സി സി ജനറൽ സെക്രട്ടറി ബാബു കെ പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. മില്ലി മോഹൻ, ഫിലിപ്പ് പാമ്പാറ, ടി ജെ കുര്യാച്ചൻ, ബാബു കളത്തൂർ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ടോമി കൊന്നക്കൽ, ഹനീഫ ആച്ചപ്പറമ്പിൽ, ജുബിൻ മണ്ണുകുശുമ്പിൽ, എ കെ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button