Kozhikode

കോഴിക്കോട് ഫുട്ബോൾ ടർഫുകൾക്കും ഗ്രൗണ്ടുകൾക്കും നിബന്ധനകളോടെ പ്രവർത്തിക്കാൻ അനുമതി

കോഴിക്കോട്:  ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് വരുന്ന സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ ഫുട്ബോൾ ടർഫുകൾക്കും ഗ്രൗണ്ടുകൾക്കും നിബന്ധനകളോടെ തുറന്നു പ്രവർത്തിക്കാൻ ജില്ലാ കലക്ടർ അനുമതി നൽകി. കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിച്ചിരിക്കണം.

ബ്രേക്ക് ദി ചെയിൻ പ്രോട്ടോകോൾ പാലിക്കുകയും സോപ്പ്, മാസ്ക്, സാനിറ്റൈസർ എന്നിവ കർശനമായും ഉപയോഗിക്കുകയും വേണം. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമാണ് പ്രവേശനം. 65 വയസ്സിനു മുകളിലുള്ളവർ, 10 വയസ്സിനു താഴെയുള്ള കുട്ടികൾ, മറ്റ് അസുഖങ്ങളുള്ളവർ എന്നിവർക്ക്  പ്രവേശനമുണ്ടായിരിക്കില്ല. ഇത്തരം സ്ഥലങ്ങളിൽ മുഴുവൻ സമയവും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. സ്വയംനിരീക്ഷണം നടത്തുകയും ലക്ഷണങ്ങൾ കണ്ടാൽ ജില്ലാ ഹെൽപ്പ്ലൈനിലോ സ്റ്റേറ്റ് ഹെൽപ് ലൈനിലോ വിവരം അറിയിക്കണം. തുപ്പുന്നതിന് കർശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

ശുചിമുറികൾ വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. കളിസ്ഥലങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗശേഷം അണുവിമുക്തമാക്കണം. ടർഫുകളും കളിസ്ഥലങ്ങളും തുറക്കുന്നത് സെക്ടറൽ മജിസ്ട്രേറ്റുമാരെ അറിയിച്ചിരിക്കണം. സ്പാ, സ്റ്റീം ബാത്ത്, സ്വിമ്മിംഗ്പൂൾ കോർണറുകൾ അടഞ്ഞു തന്നെ കിടക്കും.

Related Articles

Leave a Reply

Back to top button