Thiruvambady

മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശക പ്രവാഹം: കർശന നിയന്ത്രണം വേണമെന്ന് നാട്ടുകാർ

തിരുവമ്പാടി: കോവിഡിന്റെ ശക്തമായ തിരിച്ചുവരവിന്റെ പശ്ചാത്തലത്തിൽ നഗരങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം പ്രാബല്യത്തിൽ വന്നെങ്കിലും ഗ്രാമങ്ങളിൽ ഇതൊന്നുമില്ല. വിദൂര സ്ഥലങ്ങളിൽനിന്നടക്കം ഇവിടങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ഇത് കോവിഡ് വ്യാപനത്തിന് ആക്കംകൂട്ടുമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കർശന നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കക്കാടംപൊയിൽ, തിരുവമ്പാടി പഞ്ചായത്തിലെ അരിപ്പാറ, പതങ്കയം, കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരി എന്നിവിടങ്ങളിൽ സഞ്ചാരികളുടെ ഒഴുക്ക് തുടരുകയാണ്. കക്കാടംപൊയിലിൽ പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് പുറമേ റിസോർട്ട് വാസത്തിനായാണ് മറ്റുജില്ലകളിൽ നിന്നടക്കം ടൂറിസ്റ്റുകളെത്തുന്നത്. കുടുംബസംഗമങ്ങൾ ഉൾപ്പെടെയാണ് റിസോർട്ട് കേന്ദ്രീകരിച്ചുനടക്കുന്നത്.

പുതിയ റോഡ് വന്നതോടെ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽനിന്ന്‌ കേവലം 24 കിലോമീറ്റർകൊണ്ട് കക്കാടംപൊയിലിൽ എത്താം. കെ.എസ്.ആർ.ടി.സി. ബസ് സർവീസുകളുമുണ്ട്. കോഴിക്കോട് ജില്ലയിൽ സമുദ്രനിരപ്പിൽനിന്ന് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കക്കാടംപൊയിലിൽ നിത്യേന ആളുകളെത്തുന്നുണ്ട്. ഡസൻ കണക്കിന് റിസോർട്ടുകളാണ് ഇവിടെയുള്ളത്. സദാസമയവും കുടുംബ ടൂറുകളുമായെത്തുന്ന ടൂറിസ്റ്റ് ബസുകളുടെ പടയാണ്. മാസ്ക്പോലും ഇല്ലാതെയാണ് പലരുമെത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ സഞ്ചാരികളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് ആലോചിക്കാൻ ഗ്രാമപ്പഞ്ചായത്ത് അടിയന്തര ബോർഡ് മീറ്റിങ് ചേർന്നതായും പോലീസ് സഹായം തേടിയതായും വാർഡംഗം സീന ബിജു മാതൃഭൂമിയോട് പറഞ്ഞു.

തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ ആനക്കാംപൊയിൽ പതങ്കയം, അരിപ്പാറ വെള്ളച്ചാട്ടങ്ങൾ കാണാനെത്തുന്നവരുടെ എണ്ണത്തിലും ഒരു കുറവുമില്ല. ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമതേടിയെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്.

അരിപ്പാറ ഡി.ടി.പി.സി.യുടെ സംരക്ഷണത്തിലായതിനാൽ തെല്ലൊക്കെ നിയന്ത്രണമുണ്ടെങ്കിലും പതങ്കയത്ത് ഒരുവിധ വിലക്കുകളുമില്ലാത്തതിനാൽ സഞ്ചാരികൾ വിഹരിക്കുകയാണ്.

ബൈക്കുകളിൽ അടക്കം സദാസമയുവും യുവാക്കളുടെ പടയാണ് ഇവിടേക്ക്‌. കോവിഡ് പ്രോട്ടോകോൾ ഒന്നുമില്ലാതെയാണ് വിദൂരങ്ങളിൽനന്നടക്കം ടൂറിസ്റ്റുകൾ എത്തുന്നത്. ടൂറിസ്റ്റുകളെ നിയന്ത്രിക്കാൻ പ്രത്യേക നിരീക്ഷകരെ ഏർപ്പെടുത്താൻ തീരുമാനിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button