കോവിഡ് വാക്സിൻ: കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരേ CPIM വീട്ടുമുറ്റങ്ങളില്‍ പ്രതിഷേധ സമരം നടത്തും

കോഴിക്കോട്: സൗജന്യവും സാര്‍വത്രികവുമായി ജനങ്ങള്‍ക്ക് വാക്സിന് നല്‍കുക എന്ന ഇന്ത്യയുടെ പ്രഖ്യാപിത നയത്തില്‍ നിന്നും പിന്മാറി കോര്‍പറേറ്റുകള്‍ക്ക് വില നിര്‍ണയാധികാരം നല്‍കുകയും വാക്സിനേഷന് ചെലവ് സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്പിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരേ 28 ന് വീട്ടുമുറ്റങ്ങളില്‍ നടക്കുന്ന പ്രതിഷേധ സമരത്തില്‍ എല്ലാ വിഭാഗം ജനങ്ങളും അണിചേരണമെന്ന് സിപിഎം ജില്ലാസെക്രട്ടറി പി. മോഹനന് ആവശ്യപ്പെട്ടു.
150 രൂപക്ക് ലാഭകരമായി കേന്ദ്ര സര്‍ക്കാറിന് നല്‍കാമെന്നും മാര്ക്കറ്റിലെത്തിക്കാമെന്നും നേരത്തെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവല്ല തന്നെ സമ്മതിച്ച വാക്സിനാണിപ്പോള്‍ 400 -600 രൂപയാക്കി തീരുമാനിച്ചത്.
മഹാമാരി സൃഷ്ടിച്ച ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും വരുമാനമില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുക്കാതെ കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് വേണ്ടി വാദിക്കുകയാണ് കേന്ദ്ര സര്‍ക്കാരും ബിജെപി നേതാക്കളും. മലയാളികള്‍ സ്വയം ഏറ്റെടുത്ത വാക്സിന് ചലഞ്ച് വിജയിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു







