തിരുവമ്പാടി പഞ്ചായത്ത് മാലിന്യ കൂമ്പാരമാകുന്നു; സൂപ്പർ എം ആർ എഫ് പ്രവർത്തന സജ്ജമാക്കണമെന്ന് ഡി.വൈ.എഫ്.ഐ

തിരുവമ്പാടി പഞ്ചായത്തിൽ രണ്ട് കോടിയിലേറെ രൂപ ചിലവഴിച്ച് ആറുമാസം മുമ്പ് പൂർത്തീകരിച്ച കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 7 പഞ്ചായത്തുകൾക്കായുള്ള സൂപ്പർ എം ആർ എഫ് പദ്ധതി പ്രവർത്തന സജ്ജമാക്കാത്തതിനെ തുടർന്ന് തിരുവമ്പാടിയിൽ മാലിന്യം പെരുകുന്നു. അന്നത്തെ തൊഴിൽ എക്സസിസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത സൂപ്പർ എം ആർ എഫും പരിസരവുമാണ് ഇപ്പോൾ മാലിന്യകൂമ്പാരമായി മാറിയിരിക്കുന്നത്. മാലിന്യങ്ങൾ തരംതിരിക്കാനോ സംസ്കരിച്ചു കയറ്റിഅയക്കണോ നിലവിൽ തൊഴിലാളികളില്ല. പഞ്ചായത്ത് മാലിന്യങ്ങൾ തരംതിരിച്ച് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള സൂപ്പർ എം ആർ എഫിന് കൈമാറുകയും പ്രാഥമിക സംസ്കരണ പ്രക്രിയ കഴിഞ്ഞ് കൂടുതൽ സംസ്കരണത്തിനായി കയറ്റി അയക്കുകയുമാണ് ചെയ്യേണ്ടത്.
രണ്ടേക്കറോളം വരുന്ന സൂപ്പർ എം ആർ എഫ് ഉൾപ്പടെ അഞ്ചോളം പദ്ധതികൾ നടക്കുന്ന ഈ പരിസര പ്രദേശം മാലിന്യം കൊണ്ട് നിറയുന്നത് ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. തൊട്ടടുത്ത് പ്രവർത്തനം നിലച്ച ക്വാറിയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ മാലിന്യങ്ങൾ തള്ളുന്നുവെന്ന ആരോപണം ഉയരുന്നതായി ഡി വൈ എഫ് ഐ ചൂണ്ടിക്കാട്ടി.
ക്വാറിയിലെ ജലമൊഴുകി സമീപത്തെ പല തോടുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഒഴുകിയെത്തിയാൽ സ്ഥിതി സങ്കീർണമാകും. ഉടൻ മാലിന്യങ്ങൾ നീക്കി സൂപ്പർ എം ആർ എഫ് പ്രവർത്തന സജ്ജമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി യുവജന സംഘടനയായ ഡി വൈ എഫ് ഐ മുന്നോട്ടു പോകുമെന്ന് ഡി വൈ എഫ് ഐ തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി ഭാരവാഹികളായ പി ജെ ജിബിൻ, അരുൺ ഉണ്ണി, വിഷ്ണു രാജ്, അജയ് ഫ്രാൻസി എന്നിവർ അറിയിച്ചു.






