കൊടിയത്തൂരിലും നരിക്കുനിയിലും വാക്സിനേഷൻ ആദ്യഡോസ് 100% പൂർത്തിയാക്കി

മുക്കം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായി കൊടിയത്തൂർ പഞ്ചായത്ത്. കോവിഡ് വാക്സിനേഷൻ 100% പൂർത്തിയാക്കിയെന്ന് പ്രസിഡന്റ് വി.ഷംലൂലത്ത്, മെഡിക്കൽ ഓഫിസർ ഡോ.എൻ.മനുലാൽ എന്നിവർ പറഞ്ഞു. ഒന്നാം ഡോസ് 100% പൂർത്തീകരിച്ചപ്പോൾ രണ്ടാം ഡോസ് 67 ശതമാനവും കൈവരിച്ചു.
രണ്ടാം ഡോസിന് കാലാവധി ആവാത്തവർ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു. അതേസമയം വാക്സിനേഷന് സഹകരിക്കാത്ത 100 പേർ ഉള്ളതായും വ്യക്തമാക്കി. പഞ്ചായത്തിൽ ചെറുവാടി കമ്യുണിറ്റി ഹെൽത്ത് സെന്ററിന് പുറമേ കൊടിത്തൂർ കുടുംബാരോഗ്യ കേന്ദ്രവും പ്രവർത്തിക്കുന്നതിനാൽ കൂടുതൽ വാക്സീൻ ലഭ്യതയുള്ളതു നേട്ടം കൈവരിക്കാൻ സഹായകരമായി.
പന്നിക്കോട് കേന്ദ്രമാക്കി മെഗാ വാക്സിനേഷൻ ക്യാംപുകളും സംഘടിപ്പിച്ചു. ഇതിനു പുറമേ മലയോര മേഖലയായ തോട്ടുമുക്കത്തും വാക്സിനേഷൻ ക്യാംപുകൾ നടത്തി. ഭിന്നശേഷിക്കാർക്കും അതിഥിത്തൊഴിലാളികൾക്കും വാക്സീൻ നൽകി. കിടപ്പു രോഗികൾക്ക് വീടുകളിലെത്തി വാക്സീൻ നൽകി. പന്നിക്കോട് സംഘടിപ്പിച്ച ഹൈടെക് വാക്സിനേഷൻ ക്യാംപും മാതൃകയായിരുന്നു.
നരിക്കുനിയിലും 100%
നരിക്കുനി ∙ പഞ്ചായത്തിൽ കോവിഡ് ഒന്നാംഘട്ട പ്രതിരോധ വാക്സീൻ വിതരണം നൂറ് ശതമാനം പൂർത്തിയാക്കിയതായി പ്രസിഡന്റ് സി.കെ.സലീം അറിയിച്ചു. പ്രത്യേക ക്യാംപുകൾ നടത്തിയാണ് എല്ലാവർക്കും വാക്സീൻ ലഭ്യമാക്കിയത്. കിടപ്പു രോഗികൾക്ക് വീടുകളിൽ എത്തി ആരോഗ്യ പ്രവർത്തകർ വാക്സീൻ നൽകി.
60 ശതമാനത്തിൽ അധികം പേർക്ക് രണ്ടാമത്തെ ഡോസ് വാക്സീൻ നൽകിയിട്ടുണ്ട്. വാർഡ് മെംബർമാർ, ആശാ വർക്കർമാർ, വാർഡ് ആർആർടി കോ ഓർഡിനേറ്റർമാർ എന്നിവരുടെ യോജിച്ച പ്രവർത്തനത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.







