വെള്ളം കയറിയ കടകൾ ജനപ്രതിനിധികൾ സന്ദർശിച്ചു

മുക്കം : ശക്തമായ മഴയിൽ വെള്ളംകയറി വലിയ നാശനഷ്ടമുണ്ടായ വ്യാപാരസ്ഥാപനങ്ങൾ ലിന്റോ ജോസഫ് എം.എൽ.എ.യും നഗരസഭാ ചെയർമാനും കൗൺസിലർമാരും സന്ദർശിച്ചു. മുക്കം നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ച ഒരു ഓവുചാലിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതാണ് കടകളിലേക്ക് വെള്ളം കയറാൻ കാരണമായത്.
എം.എൽ.എ.യ്ക്കൊപ്പം നഗരസഭാ ചെയർമാൻ പി.ടി. ബാബുവും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിതാ പ്രദീപും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിക്കുന്ന ഓവുചാലിന്റെ നിർമാണപ്രവൃത്തിക്കിടെ അപ്രതീക്ഷിതമായാണ് മഴയുണ്ടായതെന്നും നിർമാണസാമഗ്രികൾ ചിലയിടങ്ങളിൽ കൂട്ടിയിട്ടതും ഓവുചാൽ നിർമാണത്തിനുപയോഗിച്ച പലകകൾ എടുത്തു മാറ്റാതിരുന്നതും വെള്ളംകയറാൻ കാരണമായതായും എം.എൽ.എ. പറഞ്ഞു.
പ്രശ്നം പെട്ടെന്ന് പരിഹരിക്കാനും നിർമാണപ്രവൃത്തി പെട്ടെന്ന് പൂർത്തീകരിക്കാനും ആവശ്യപ്പെട്ടതായും എം.എൽ.എ. അറിയിച്ചു.
വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം.എൽ.എ. പറഞ്ഞു.
കൗൺസിലർമാരായ വേണുഗോപാലൻ, നികുഞ്ചം വിശ്വനാഥൻ, ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് സി.ടി. ജയപ്രകാശ് തുടങ്ങിയവരാണ് വെള്ളംകയറിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്. ഓവുചാലിന്റെ അശാസ്ത്രീയമായ നിർമാണമാണ് വെള്ളംകയറാൻ കാരണമെന്നും നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കൗൺസിലർ വേണുഗോപാലൻ ആവശ്യപ്പെട്ടു.







