Mukkam

കുറ്റിപ്പാല-ചേന്ദമംഗലൂർ റോഡുവികസനം അട്ടിമറിക്കുന്നുവെന്ന് ജനപ്രതിനിധികൾ

മുക്കം : ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ അനുവദിച്ച കുറ്റിപ്പാല-ചേന്ദമംഗലൂർ റോഡുവികസനം അട്ടിമറിക്കാനുള്ള നീക്കങ്ങളെ ചെറുക്കണമെന്ന് പ്രദേശത്തെ ജനപ്രതിനിധികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

രണ്ടരക്കോടി രൂപ ചെലവിൽ കുറ്റിപ്പാലമുതൽ ചേന്ദമംഗലൂർ പിലാക്കൽവരെയുള്ള 3.9 കിലോമീറ്റർ റോഡ് വീതികൂട്ടി നവീകരിക്കാനായിരുന്നു പദ്ധതി. ആവശ്യമായ സ്ഥലങ്ങളിൽ ഓവുചാൽ നിർമിക്കുമെന്നും പദ്ധതി രൂപരേഖയിൽ പറഞ്ഞിരുന്നു.

മാസങ്ങൾക്കുമുൻപ് ലിന്റോ ജോസഫ് എം.എൽ.എ.യുടെയും നഗരസഭാ ചെയർമാന്റെയും നേതൃത്വത്തിൽ കുറ്റിപ്പാലക്കലിൽ ചേർന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗത്തിൽ പദ്ധതിറിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനുവിരുദ്ധമായ രീതിയിൽ പ്രവൃത്തി ആരംഭിക്കുന്നതിനെതിരേയാണ് ചേന്ദമംഗലൂരിലെ കൗൺസിലർമാർ രംഗത്തെത്തിയത്.

നാലുകിലോമീറ്ററോളം ദൂരം റോഡ് നവീകരിക്കാൻ നിലവിൽ അനുവദിച്ച തുക അപര്യാപ്തമാണെന്നും രണ്ടരക്കോടി രൂപയ്ക്ക് മൂന്നുകിലോമീറ്ററോളം റോഡ് നവീകരിച്ച് ബാക്കിഭാഗം വരുംവർഷം കൂടുതൽ തുക വകയിരുത്തി നവീകരിക്കാമെന്നുമുള്ള വാഗ്ദാനം അംഗീകരിക്കാനാവില്ലെന്നും ജനപ്രതിനിധികൾ വ്യക്തമാക്കി.

റോഡുവികസനത്തിൽ ഏറെ അവഗണന നേരിടുന്ന പ്രദേശങ്ങളിലൊന്നാണ് ചേന്ദമംഗലൂർ. വികസനപ്രവർത്തനങ്ങൾക്ക് ജനകീയപിന്തുണയും സഹകരണവും ഉണ്ടായിട്ടും തിരുവമ്പാടി നിയോജകമണ്ഡലത്തിൽ ഏറ്റവും മോശം റോഡുകൾ ഇവിടെയാണുള്ളതെന്നും കൗൺസിലർമാർ പറയുന്നു. പ്രധാനപ്പെട്ട വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും പോകുന്നവർ ഇതുകാരണം വലിയ ദുരിതമനുഭവിക്കുന്നുണ്ട്.

റോഡ് പ്രവൃത്തി പല കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയാണ്. നിലവിലെ എസ്റ്റിമേറ്റിൽ മാറ്റംവരുത്തി ചേന്ദമംഗലൂർ പ്രദേശത്തെ പൂർണമായും അവഗണിച്ച് റോഡ്പ്രവൃത്തി നടത്തുന്നതിന് പിന്നിലെ രാഷ്ട്രീയകാരണങ്ങൾക്ക് അടിയന്തരമായി പരിഹാരം ഉണ്ടാക്കണമെന്നും അല്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും കൗൺസിലർമാർ പറഞ്ഞു. ചേന്ദമംഗലൂർ പ്രദേശത്തോടുള്ള അവഗണനയ്ക്കും നീതിനിഷേധത്തിനും എതിരെ ജനകീയക്കൂട്ടായ്മ രൂപവത്‌കരിച്ച് ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കൗൺസിലർമാർ പറഞ്ഞു

യോഗത്തിൽ പ്രദേശത്തെ ജനപ്രതിനിധികളായ സാറ കൂടാരം, ഫാത്തിമ കൊടപ്പന, റംല ഗഫൂർ, ഗഫൂർ മാസ്റ്റർ, മധു മാസ്റ്റർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button