Kodanchery

വൈദ്യുതി ഉത്പാദനത്തിന് തയ്യാറായി ചെമ്പുകടവ് വൈദ്യുതപദ്ധതി

കോടഞ്ചേരി: വൈദ്യുതി ഉത്പാദനത്തിന് തയ്യാറായി ചെമ്പുകടവ് വൈദ്യുതപദ്ധതി. വേനൽമഴ ശക്തിപ്പെട്ടാൽ രണ്ട് ജലവൈദ്യുതി പദ്ധതികളിലും ഉത്പാദനം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി. ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികളും പുതുമഴയിൽ അടിഞ്ഞുകൂടിയ മാലിന്യവും ചെളിയും ഫോർബെ ടാങ്കിൽനിന്നും കനാലിൽനിന്നും നീക്കം ചെയ്യുന്ന പ്രവർത്തിയും പൂർത്തിയായി. കഴിഞ്ഞവർഷം മേയ് അവസാനത്തോടെ ഇവിടെ ഉത്പാദനം ആരംഭിച്ചിരുന്നു. നീരൊഴുക്ക് വർധിച്ചാൽ ഇക്കുറിയും നേരത്തേ ഉത്പാദനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജീവനക്കാർ. ചെമ്പുകടവ് ഒന്നാംഘട്ടത്തിൽ മൂന്നു ജനറേറ്ററുകളുടെ ആകെയുള്ള സ്ഥാപിതശേഷി മണിക്കൂറിൽ 2700 യൂണിറ്റാണ്.

രണ്ടാംഘട്ട പദ്ധതിയിൽ 3750 യൂണിറ്റ് വൈദ്യുതിയും മണിക്കൂറിൽ ഉത്‌പാദിപ്പിക്കാം. ഇവിടെ നിന്നുള്ള വൈദ്യുതി തമ്പലമണ്ണ സബ്സ്റ്റേഷനിൽ എത്തിച്ച് അവിടെനിന്നാണ് വിതരണം ചെയ്യുന്നത്. ജൂൺ മുതൽ നവംബർ വരെയുള്ള മഴക്കാലത്ത് രണ്ട് ഘട്ടങ്ങളിലും ഉത്‌പാദനം നടത്താം. 32 കോടി രൂപ ചെലവിൽ 2003ലാണ് പദ്ധതികൾ പ്രവർത്തനമാരംഭിച്ചത്. വേണ്ട നീരൊഴുക്കിന്റെ 40 ശതമാനത്തിൽ താഴെ ആയാൽ ഉത്പാദനം നിർത്തി വയ്ക്കേണ്ടിവരും. ഇക്കുറിയും കാലവർഷം നേരത്തേ കനിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Related Articles

Leave a Reply

Back to top button