കാരശ്ശേരിയിൽ യു.ഡി.എഫ് പ്രചാരണ വാഹനജാഥ സംഘടിപ്പിച്ചു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ ഇടതുപക്ഷ അംഗങ്ങൾ അപമാനിച്ചതായി പ്രസിഡന്റ് വി.പി സ്മിത പോലീസിൽ നൽകിയ പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും വെൽഫയർ പാർട്ടിയും ചേർന്ന് പഞ്ചായത്തിൽ വാഹനജാഥ നടത്തി. പ്രചാരണജാഥ തേക്കുംകുറ്റിയിൽ മുസ്‌ലിം ലീഗ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സമാപനം മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെ കോയ അധ്യക്ഷത വഹിച്ചു.
ചൊവ്വാഴ്ച മുക്കം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രവർത്തകർ അറിയിച്ചു. ഏപ്രിൽ 3ന് താമരശ്ശേരി ഡി.വൈ.എസ്.പിക്ക് പരാതി നൽകിയെങ്കിലും പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. തുടർന്ന് വടകര റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. ചടങ്ങിൽ വെൽഫയർ പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ശംസുദ്ധീൻ ചെറുവാടി, യു.ഡി.എഫ് കൺവീനർ സമാൻ ചാലൂളി, വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ശംസുദ്ധീൻ, കേരള കോൺഗ്രസ് (ജെ) കാരശ്ശേരി മണ്ഡലം പ്രസിഡന്റ് ജോസ് പാലിയത്ത്, റീനാ പ്രകാശ്, സലാം തേക്കുംകുറ്റി, സി.വി ഗഫൂർ, റിൻസി ജോൺസൺ, എം.ടി സെയ്ദ് ഫസൽ, ഇ.പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.







