Mukkam

മണാശ്ശേരി ഗവ: യു.പി സ്കൂളിൽ നോക്കുകുത്തിയായി 8 ലക്ഷം രൂപ ചെലവിൽ നിർമിച്ച പാചകപ്പുര

മുക്കം: മലയോരമേഖലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന മണാശ്ശേരി ഗവ: യു.പി സ്കൂളിൽ നോക്കുകുത്തിയായി 8 ലക്ഷം രൂപ ചെലവിൽ നിർമിച്ച പാചകപ്പുര. വിദ്യാലയത്തിലെ സ്റ്റേജാണ് ഇപ്പോൾ പാചകപ്പുരയായി പ്രവർത്തിക്കുന്നത്. വയറിങ് പ്രവൃത്തി നടത്താത്തതിനാൽ ഇതുവരെ സ്‌കൂളിലെ പാചകപ്പുര പ്രവർത്തനമാരംഭിച്ചിട്ടില്ല. 1200ഓളം വിദ്യാർഥികൾ പഠിക്കുന്ന മണാശ്ശേരി ഗവ: യു.പി സ്കൂളിൽ രാഹുൽഗാന്ധി എം.പിയുടെ ഫണ്ടിൽനിന്ന് അനുവദിച്ച 10 ലക്ഷം രൂപയിൽ 8 ലക്ഷത്തോളം രൂപയാണ് പാചകപ്പുര നിർമാണത്തിനായി ചെലവഴിച്ചത്. നിർമാണ പ്രവൃത്തി പൂർത്തിയായെന്നും രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തെച്ചൊല്ലി കേസ് നടക്കുന്നതിനാൽ ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെതന്നെ പാചകം അങ്ങോട്ട് മാറ്റാമെന്നും എം.പി ഓഫീസിൽനിന്ന് അധ്യാപകരെ അറിയിച്ചിരുന്നു.

തുടർന്ന് പാചകം മാറ്റുന്നതിനുള്ള നടപടികൾ നടക്കുന്നതിനിടെയാണ് നഗരസഭയുടെ എൻജിനിയറിങ് വിഭാഗം പുതിയ പാചകപ്പുരയിൽ പരിശോധന നടത്തിയതും വയറിങ് പ്രവൃത്തികൾ നടത്താത്തതിനാൽ നിലവിലെ സ്ഥലത്തുതന്നെ പാചകം തുടരാൻ നിർദേശം നൽകിയതും. ഇതോടെ പാചകത്തൊഴിലാളികളും അധ്യാപകരും ദുരിതത്തിലായി. കെട്ടിടത്തിലെ വയറിങ് പ്രവൃത്തിയുടെ എസ്റ്റിമേറ്റെടുത്ത് പ്രവൃത്തി പൂർത്തിയാക്കേണ്ടത് പി.ഡബ്ല്യു.ഡി ഇലക്‌ട്രിക്കൽ സെക്‌ഷനാണെന്ന് നഗരസഭാ എൻജിനിയറിങ് വിഭാഗം പറയുന്നു. എസ്റ്റിമേറ്റെടുത്ത് കരാർ നൽകി എത്രനാൾകൊണ്ട് വയറിങ് പ്രവൃത്തി പൂർത്തിയാക്കുന്നുവോ അതുവരെ പാചകം സ്റ്റേജിൽത്തന്നെ തുടരേണ്ട ഗതികേടിലാണ് സ്കൂൾ അധികൃതർ.

Related Articles

Leave a Reply

Back to top button