കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 25 വർഷം പഴക്കമുള്ള പാലം തകർന്നു; ചിപ്പിലിത്തോട് – മരുതിലാവ് റോഡിലെ ഗതാഗതം നിരോധിച്ചു

കോടഞ്ചേരി:കനത്ത മഴയെ തുടർന്ന് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ചിപ്പിലിത്തോട് – മരുതിലാവ് റോഡിലെ 25 വർഷം മുമ്പ് നിർമ്മിച്ച ബി.സി.ബി പാലം തകർന്നു. പാലത്തിന്റെ ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടു.
സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും നാട്ടുകാരും ദിവസവും ഉപയോഗിക്കുന്ന പ്രധാന റോഡാണിത്. സമീപത്തെ കാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായതാണ് ശക്തമായ മഴവെള്ളപ്പാച്ചിലിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വിൻസെൻ്റ് വടക്കേമുറിയിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സജി നിരവത്ത്, എൽ.എസ്.ജി.ഡി എ.ഇ അർച്ചന സി.ജെ, ശിവദാസൻ താഴെ പാലാട്ട് എന്നിവരോട് അടിയന്തിര ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പാലം പുനർനിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ പി. ബാബു പട്ടരാട്ട്, വാർഡ് കൺവീനർ സി.എം ജോസഫ്, ചെന്നിക്കര സജി, പുളിന്തറ തങ്കച്ചൻ പാലകാമറ്റത്തിൽ എന്നിവർ ആവശ്യപ്പെട്ടു.
ചിപ്പിലിത്തോട് – മരുതിലാവ് റോഡിലെ മേൽപ്പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഖിൽ അറിയിച്ചു.







