Kodanchery

മിശ്രവിവാഹം; കേന്ദ്രാന്വേഷണത്തിന് സഹായം ഒരുക്കും; കെ. സുരേന്ദ്രൻ

കോടഞ്ചേരി : കോടഞ്ചേരിയിലെ വിവാദ വിവാഹം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ആവശ്യം രക്ഷിതാക്കൾ രേഖാമൂലം നൽകുകയാണെങ്കിൽ അതിന് സഹായമൊരുക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോടഞ്ചേരി തെയ്യപ്പാറയിലുള്ള വസതിയിലെത്തി യുവതിയുടെ രക്ഷിതാക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇപ്പോൾ നടക്കുന്ന പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ്‌ രക്ഷിതാക്കൾ അറിയിച്ചത്. സാധാരണരീതിയിലുള്ള പ്രണയവിവാഹമല്ലെന്ന്‌ കുടുംബാംഗങ്ങൾ സംശയിക്കുന്നു. ബാഹ്യശക്തികളുടെ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നുള്ള രക്ഷിതാക്കളുടെ സംശയം അന്വേഷിക്കണം. സംസ്ഥാനത്ത് ഇത്തരം കാര്യങ്ങളിൽ മതതീവ്രവാദശക്തികൾ ഇടപെടുന്നുണ്ടെന്നത് വസ്തുതയാണ്. പോലീസിന്റെ നടപടിയും സംശയങ്ങൾ വർധിപ്പിക്കുന്നു. ആരാണ് ഇവരെ ഒളിവിൽ താമസിപ്പിക്കുന്നതെന്നും ബാഹ്യ ഇടപെടൽ ഉണ്ടാകുന്നത് എന്തിനാണെന്നുമെല്ലാം പരിശോധിക്കപ്പെടണം.

ലൗ ജിഹാദ് പോലുള്ള സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുന്നെന്ന് പറഞ്ഞ മുൻ എം.എൽ.എ.യെക്കൊണ്ട് ജില്ലാ സെക്രട്ടറിതന്നെ വന്ന് മാറ്റിപ്പറയിച്ചു. അതെല്ലാം ബാഹ്യശക്തികളുടെ ഇടപെടൽ കൊണ്ടാണോ എന്ന് സംശയമുണ്ട്” -സുരേന്ദ്രൻ പറഞ്ഞു.

ബി.ജെ.പി. ജില്ലാ പ്രസിഡൻറ് വി.കെ. സജീവൻ, സംസ്ഥാന വൈസ് പ്രസിഡൻറ് പി. രഘുനാഥ്, സംസ്ഥാന കമ്മിറ്റിയംഗം ഗിരീഷ് തേവള്ളി, കൗൺസിലംഗം ഷാൻ കട്ടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് കുമാർ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻറ് ജോണി കുമ്പളങ്ങൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു

Related Articles

Leave a Reply

Back to top button