Kozhikode

നഗരാതിർത്തികളിലും ക്യാമറ

കോഴിക്കോട്: നഗരത്തിലെ പോലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു, ഓട്ടോയിൽ പണവും സ്വർണാഭരണങ്ങളും മറന്നുവെച്ചു. ഓട്ടോയുടെ പേരോ, നമ്പറോ ഓർമയില്ല. അവസാനം കേസ് കൺട്രോൾ റൂമിലെത്തി. കമാൻഡിങ് കൺട്രോൾ റൂമിലെ ക്യാമറ പരിശോധിച്ചപ്പോൾ ഓട്ടോ കണ്ടെത്തി. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണവും പണവും ഉടമസ്ഥന് ലഭിക്കുകയും ചെയ്തു.
സിറ്റി പോലീസ് നഗരത്തിന്റെ 11 അതിർത്തിമേഖലകളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക്‌ നമ്പർപ്ലേറ്റ് റെക്കഗ്നൈസ് ക്യാമറ (എ.എൻ.പി. ആർ. ) സംവിധാനമാണ് ഇതിനു സഹായകമായത്. ഒന്നരമാസം മുമ്പ് ക്യാമറ സ്ഥാപിച്ചതുമുതൽ ഇത്തരത്തിലുള്ള സംഭവങ്ങളും നിയമലംഘനങ്ങളുമായി 2232 കേസുകളാണ് കമാൻഡിങ് കൺട്രോൾ റൂം കണ്ടെത്തിയത്. നിയമലംഘനങ്ങളിൽ നിന്നായി പിഴ ഈടാക്കിയത് 1,43,000 രൂപയും.

എത്ര ദൂരത്തു നിന്നാണെങ്കിലും വാഹനത്തിന്റെ നമ്പർ പ്ളേറ്റ് സൂം ചെയ്ത് കാണാൻ സാധിക്കുന്നതാണ് ഈ ക്യാമറകളുടെ പ്രത്യേകത. 11 ക്യാമറകൾ നിരീക്ഷിക്കുന്നതിനു മാത്രമായി ആറ് ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. 24 മണിക്കൂറും ക്യാമറകൾ കൺതുറന്നിരിക്കും. അതിർത്തിക്കുള്ളിലേക്ക് ഏതൊരു വാഹനം വരുന്നതും ക്യാമറയിൽ പതിയും. വ്യാജനമ്പർ പ്ലേറ്റുള്ള വാഹനങ്ങളും അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനങ്ങളും പിടികൂടാനായി ഇപ്പോൾ പോലീസ് ഏറ്റവുമധികം ആശ്രയിക്കുന്നത് ഈ ക്യാമറകളെയാണ്.

നഗരത്തിൽ നടന്ന പല സംഭവങ്ങളുടെയും വിവരങ്ങൾ ലഭ്യമാക്കാൻ ഈ ക്യാമറകൾ സഹായകമായിട്ടുണ്ടെന്നും ഈ സംവിധാനം വളരെ ഫലപ്രദമായി മുന്നോട്ട് പോകുന്നുണ്ടെന്നും കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ എൽ. സുരേന്ദ്രൻ പറഞ്ഞു. ഹെൽമെറ്റ് ഇടാതെ വാഹനമോടിക്കൽ, രണ്ടിൽ കൂടുതൽ ആളുകൾ ബൈക്കിൽ യാത്രചെയ്യൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ, അമിത വേഗം, സീബ്രാലൈനിൽ നിർത്തുന്ന വാഹനങ്ങൾ, അപകടമുണ്ടാക്കി നിർത്താതെ പോകൽ തുടങ്ങി വിവിധതരത്തിലുള്ള ഗതാഗത നിയമലംഘനങ്ങൾ പിടിക്കാൻ ഈ ക്യാമറകൾക്ക് കഴിയും.

ഒരുമാസം മാത്രമേ ക്യാമറയിൽ റെക്കോഡ് ചെയ്ത വീഡിയോകൾ ഉണ്ടാകൂ. അത് കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി മാഞ്ഞുപോകും. മാഞ്ഞുപോയ ദിവസങ്ങളിലെ വീഡിയോ ആവശ്യമുണ്ടെങ്കിൽ വീണ്ടെടുക്കാൻ സാധിക്കുന്ന തരത്തിലാണ് ക്യാമറ ഒരുക്കിയിട്ടുള്ളത്. ഈ ക്യാമറകൾക്കു പുറമെ കൺട്രോൾ റൂമിന്റെ 40-ഓളം ക്യാമറകളും നഗരത്തിന്റെ വിവിധ ജങ്ഷനുകളിലും ഭാഗങ്ങളിലും ഉണ്ട്.

Related Articles

Leave a Reply

Back to top button