പണിതിട്ടും പണിതീരാത്ത മൈക്കാവ് കൂടത്തായി റോഡ്; ആകെ വലഞ്ഞു യാത്രക്കാർ

കോടഞ്ചേരി: മലയോരമേഖലയിലെ ഏറ്റവും പഴക്കം ചെന്ന കൂടത്തായി കോടഞ്ചേരി റോഡിന്റെ നവീകരണ പ്രേവര്തനകൾ പൂർത്തിയാകാത്തത് യാത്രക്കാരെ വലിക്കുകയാണ്. കോടഞ്ചേരിയിൽ നിന്ന് പുറത്തുകടക്കാൻ ഉള്ള എല്ലാ വഴികളിലും തന്നെ പണിനടക്കുന്നതിനാൽ ആളുകൾക്ക് എങ്ങോട്ടെങ്കിലും പോകണമെങ്കിൽ നേരത്തെ ഇറങ്ങി ഏത് വഴിക്കാണ് പോകേണ്ടത് എന്ന് അന്വേഷിച്ച് ഇറങ്ങേണ്ട അവസ്ഥയിലാണ്. ഉള്ള റോഡുകളിൽ യാത്ര ചെയ്യാൻ ആവാത്തതും, ചെറിയ റോഡുകളിൽ യാത്ര ചെയ്യാൻ ദുഷ്കരവും ആണ്. പല സ്ഥലങ്ങളിലും റോഡിന്റെ പണി ഇങ്ങനെ നീണ്ടു പൊയ്ക്കൊണ്ടിരിക്കുന്നത് കൊണ്ട് ഇതൊക്കെ എന്ന് തീരും എന്ന് ഇപ്പോഴും ഒരു വ്യക്തതയില്ല. എന്തൊക്കെയായാലും കാറുകൾ ഈ വഴിക്ക് പോകുന്നത് വളരെ ഏറെ ശ്രമകരമാണ്. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ പോകുന്നത് ദുഷ്കരം ആയതിനാൽ അപകടങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
മുൻ എം എൽ എ ആയിരുന്ന കാരാട്ട് റസാഖിന്റെ പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണ പ്രവർത്തികൾ തുടങ്ങിയ കൂടത്തായിൽ നിന്നും മൈക്കാവ് വരെ ഉള്ള റോഡിന്റെ അവസ്ഥയാണ് നാട്ടുകാർക്ക് ദുരിതമാകുന്നത്. റോഡിന്റെ പ്രവർത്തികൾ തുടങ്ങിയെങ്കിലും ഈ റോഡ് ഏകദേശം എട്ടു മാസത്തോളമായി ഇങ്ങനെ തന്നെ കിടക്കുന്നു. ഇത്തരം മെയിൻ റോഡുകൾ നിർമ്മിക്കുമ്പോൾ യാത്രക്കാർക്ക് യാതൊരു വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാക്കാൻ സാധാരണ പാടുള്ളതല്ല. മൈക്കാവ് മുതൽ കൂടത്തായി സ്കൂൾ പടിവരെ ഈറോഡ് പൂർണ്ണമായും അടച്ച അവസ്ഥയിലാണ്. ഈ പ്രദേശത്തുള്ള ചെറിയ വണ്ടിക്കാർ മാനാംകുന്ന് റോഡിലൂടെ വിന്നേഴ്സിലേക്ക് എത്തുന്നു. ഈ റൂട്ടിലോടുന്ന സ്വകാര്യ ബസ്, കെഎസ്ആർടിസി ചുണ്ടകുന്നുവഴി കൊല്ലപടിയിൽ എത്തിച്ചേരുന്നു. ഇതുമൂലം സമയനഷ്ടവും അധിക ഡീസൽ ചെലവും ഉണ്ടാവുന്നു. ആളുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇതുപോലത്തെ പ്രധാനപ്പെട്ട ഒരു വഴി ഇത്രയുംകാലമായി നന്നാക്കാത്തത് അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് പൊതുജനാഭിപ്രായം.
ഈ റോഡിൽ അപകടത്തിൽപ്പെട്ട ആളുകളും വാഹനങ്ങളും ഉണ്ട്. ആസിഫ് മാളിയേക്കൽ എന്ന വ്യക്തിയാണ് നടന്നു പോകുമ്പോൾ കാനയിൽ വീണു കാലിന്റെ മുട്ട് തകർന്ന് അപകടത്തിൽ പെട്ടത്. ഇദ്ദേഹം സർജറി ചെയ്തു ചികിത്സയിലാണ് ഇപ്പോഴും. ഒന്നര ലക്ഷം രൂപയുടെ അടുത്തായി ഇദ്ദേഹത്തിന്റെ ചികിത്സയ്ക്ക് മാത്രം. ഇപ്പോൾ ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലുമാണ്.
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്ന സാഹചര്യത്തിൽ ഈ പ്രദേശത്തെ കുട്ടികൾക്ക് കൂടത്തായി സ്കൂളിൽ എത്തണമെങ്കിൽ ഒരുപാട് ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നു. ഈ റോഡ് പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.







