രണ്ടാം ഘട്ട കോവിഡ് വ്യാപനം;മുക്കം നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും.

മുക്കം: സംസ്ഥാനത്ത് രണ്ടാം ഘട്ട കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുക്കം നഗരസഭയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. ഇന്നലെ മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നഗരസഭ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആർആർടി അംഗങ്ങൾ, വ്യാപാരി സംഘടന പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 19, 20 തീയതികളിൽ നഗരസഭയിൽ 10 മെഗാ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. ഇതിനായി കെഎംസിടി, സെന്റ് ജോസഫ്സ്, ഇഎംഎസ് ആശുപത്രികളിലേയും ആരോഗ്യ വകുപ്പിന്റേയും ജീവനക്കാരെ ഉപയോഗപ്പെടുത്തും. രാവിലെ ഒന്പത് മുതൽ വൈകുന്നേരം നാല് വരെയായിരിക്കും ക്യാമ്പ്. വ്യാപാരികൾ ഉൾപ്പെടെ പൊതു ജനങ്ങളുമായി അടുത്ത് പ്രവർത്തിക്കുന്നവർക്ക് രണ്ട് മാസത്തിലൊരിക്കർ ആർടിപിസിആർ പരിശോധന നടത്തും. ബോധവത്കരണം ശക്തമാക്കും.
രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുറക്കുന്നതിനും മുക്കം നഗരസഭ ഓഫീസ്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവ കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറക്കാനും യോഗത്തിൽ തീരുമാനമായി. ലക്ഷണമില്ലാത്ത രോഗികളെ കണ്ടെത്തുന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് ഡിഎംഒ ഓഫീസിൽ നിന്നും യോഗത്തിൽ പങ്കെടുത്ത ഡോ. അഖിലേഷ് പറഞ്ഞു.
നഗരസഭ ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. ഡോ. സി.കെ. ഷാജി, നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ വി. കുഞ്ഞൻ, എം. മധു, അബ്ദുൾ മജീദ്, സിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, പബ്ലിക് ഹെൽത്ത് നഴ്സ് ഷൈനി തുടങ്ങിയവർ ചടങ്ങിൽ സംബധിച്ചു







