Kozhikode

ബൈക്കിലെത്തി സ്ത്രീകളുടെ ബാഗ് തട്ടിപ്പറി പതിവാക്കിയ മോഷ്ടാവ് പൊലീസ് പിടിയിൽ

കുന്ദമംഗലം: കഴിഞ്ഞ ദിവസം കാരന്തൂരിൽ സ്ത്രീയുടെ ബാഗ് തട്ടി പറിച്ച് കടന്ന് കളഞ്ഞ പ്രതിയെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. നിരവധി ബാഗ് തട്ടിപറി കേസുകളിൽ പ്രതിയായ പതിമംഗലം സ്വദേശി അബ്ദുൽ ജബ്ബാർ (24) ആണ് പിടിയിലായത്.

കൊടുവള്ളി കരീറ്റി പറമ്പിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. സി ഐ ഡൊമിനിക്കിന്റെ നിർദ്ദേശ പ്രകാരം കുന്ദമംഗലം എസ് ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

ഇന്നലെ വൈകുന്നേരം മൂന്നു മണിയോടെ കാരന്തൂർ സെൻ്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സമീപം ബൈക്കിലെത്തിയ പ്രതി സ്ത്രീയുടെ ബാഗ് തട്ടി പറിച്ച് കടന്ന് കളയുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ സി സി ടി വി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ കുറിച്ചുള്ള കൃത്യമായ സൂചന ലഭിച്ചിരുന്നു.

രക്ഷപെടാനായി ഉപയോഗിച്ച ബൈക്ക് പാറന്നൂർ സ്വദേശിയുടേതാണ്, ഇത് പ്രതി നേരത്തെ മോഷ്ടിച്ചതാണ്. കുമ്മങ്കോട്ടും, കൊടുവള്ളിയിലുമെല്ലാം ഇയാൾ ഇത്തരത്തിൽ ബാഗ് തട്ടിപറിച്ച് കടന്ന് കളഞ്ഞിരുന്നു. പണം അപഹരിക്കുന്നതിനു വേണ്ടി ആക്രമണ വഴി സ്വീകരിക്കുന്ന പ്രതി കൂടുതൽ കേസുകളിൽ പ്രതിയാണെന്നാണ് ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ ദിവസം വെള്ളിപറമ്പിലുള്ള സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന ഓമശ്ശേരി മാനിപുരം സ്വദേശി നൂർജഹാൻ്റെ ബാഗാണ് പ്രതി പിടിച്ചു പറിച്ചത്. മൊബൈൽ ഫോൺ, എ ടി എം കാർഡ്, പണം എന്നിവ നഷ്ടപ്പെട്ടിരുന്നു. ഇതിനു പുറമെ ഇന്ന് രാവിലെയും പ്രതി കൊടുവള്ളിയിൽ ഒരു സ്ത്രീയുടെ പക്കലിൽ നിന്നും മോഷണം നടത്തി കടന്ന് കളഞ്ഞിരുന്നു.
കൊടുവള്ളിയിൽ നിന്നും പോലീസിനെ കണ്ട പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു, പിന്നീട് കരീറ്റി പറമ്പിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ കൊടുവള്ളി പോലീസ് പിടികൂടിയത്.

Related Articles

Leave a Reply

Back to top button