കക്കാടംപൊയിലിലെ അനധികൃത തടയണകൾ അഭിഭാഷക കമ്മിഷൻ പരിശോധിച്ചു.

കൂടരഞ്ഞി: പി.വി. അൻവർഎം.എൽ.എ.യുടെ നിയന്ത്രണത്തിലുള്ള കക്കാടംപൊയിലിലെ പി.വി.ആർ. നാച്വറോ റിസോർട്ടിൽ അനധികൃതമായി നിർമിച്ച തടയണകൾ പൊളിച്ചുനീക്കണമെന്നാവിശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ നൽകിയ പരാതിയിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ സ്ഥലത്ത് പരിശോധന നടത്തി.
റിസോർട്ടിൽ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിർമിച്ച നാലു തടയണകളും പൊളിച്ചു നീക്കാനുള്ള കോഴിക്കോട് കളക്ടറുടെ ഉത്തരവിനെതിരേ ഇപ്പോൾ സ്ഥലത്തിൻ്റെ ഉടമയായ ഷെഫീഖ് ആലുങ്ങൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തടയണ പൊളിക്കുന്നതിന് സ്റ്റേ അനുവദിച്ചിരുന്നു. തടയണ പൊളിച്ചാൽ തൻ്റെ വസ്തുവിലേക്കുള്ള വഴി നഷ്ടമാകുമെന്നാണ് ഉടമയുടെ വാദം. തടയണയ്ക്കു മുകളിലൂടെ നിർമിച്ച റോഡും വഴിയും അടക്കം പരിശോധിക്കുന്നതിനാണ് ഹൈക്കോടതി അഡ്വ. ടി.ടി. ഷാനിബയെ കമ്മിഷനായി നിയോഗിച്ചത്.
കേരള നദീസംരക്ഷണസമിതി ജനറൽ സെക്രട്ടറി ടി.വി. രാജൻ കമ്മീഷനു മുമ്പാകെ ഹാജരായി തെളിവുകൾ സമർപ്പിച്ചു. രേഖകൾ സമർപ്പിക്കാനെത്തിയ മറ്റ് പരിസ്ഥിതി പ്രവർത്തകരായ കക്കാടംപൊയിൽ കള്ളിപ്പാറ സ്വദേശി ജിജു, നദീസംരക്ഷണസമിതി ജില്ലാ സെക്രട്ടറി ശബരി മുണ്ടക്കൽ,കെ.ടി. വീരജ് തുടങ്ങിയവരെ ഗേറ്റിന് മുന്നിൽ ചിലർ തടഞ്ഞതായും പരാതിയുണ്ട്.
കേരള നദീസംരക്ഷണസമിതി ജനറൽ സെക്രട്ടറി കൂടിയായ ടി.വി. രാജനാണ് അനധികൃത തടയണകൾക്കെതിരേ നടപടിയാവശ്യപ്പെട്ട് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പരാതിയിൽ രണ്ടുമാസത്തിനകം കളക്ടർ തീരുമാനമെടുക്കണമെന്ന് 2020 ഡിസംബർ 22-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ട് പരിഗണിച്ചു വേണം കളക്ടർ നടപടിയെടുക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടി ഉത്തരവ് വന്ന് അഞ്ചുമാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിനേത്തുടർന്ന് കളക്ടർക്കെതിരേ കോടതിയ ലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് രാജൻ വീണ്ടും ഹൈകോടതിയെ സമീപിച്ചു.
ഇതോടെ തടയണ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് സ്വന്തം ചെലവിൽ പൊളിച്ചുനീക്കി ഇതിനു ചിലവായ തുക തടയണ കെട്ടിയവരിൽ നിന്ന് ഈടാക്കണമെന്നും കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കിയിരുന്നു. ഇപ്പോൾ നടന്ന സ്ഥലം വിൽപ്പന എം.എൽ.എ.യുടെ തന്ത്രമെന്ന് പരിസ്ഥിതിപ്രവർത്തകർആരോപിക്കുന്നു വിൽപ്പനയ്ക്ക് ശേഷമാണ് സ്ഥലം വാങ്ങിയയാൾ തടയണ പൊളിച്ചാൽ തൻ്റെ സ്ഥലത്തേക്ക് വഴിയുണ്ടാവില്ല എന്ന് കാട്ടി കോടതിയെ സമീപിച്ചതെന്നും ഇവർ ചൂണ്ടി കാണിക്കുന്നു.
രണ്ടു കേസും ഒന്നിച്ചാണ് ഹൈക്കോടതി പരിഗണിക്കുന്നത്.







