Karassery

സംസ്ഥാനപാത നവീകരണം: തകർച്ചാഭീഷണിയിൽ തുടർന്ന് കാരശ്ശേരി ഓടത്തെരുവ് ഓവുപാലം

കാരശ്ശേരി: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരണം അന്തിമ ഘട്ടത്തിലെത്തിയിട്ടും അപകട ഭീഷണി ഉയർത്തി കാരശ്ശേരി ഓടത്തെരുവിലെ ഓവുപാലം. ഒരു കിലോമീറ്ററിനുള്ളിൽ 9 വളവുകളും വലിയകയറ്റവുമുള്ള സ്ഥിരം അപകടമേഖലയാണ് ഓടത്തെരുവ്. അപകടമേഖലയായ കൊടും വളവിലുള്ള ഓവുപാലത്തിന്റെ അടിഭാഗമാണ് തകർന്ന് കമ്പികൾ മുഴുവൻ പുറത്തുകാണുന്ന നിലയിലായത്‌. 55 വർഷത്തോളം പഴക്കമുള്ള ഓവുപാലത്തിന്റെ കമ്പികൾ തുരുമ്പെടുത്ത് കോൺക്രീറ്റ് അടർന്നുവീഴുന്നത് വർധിച്ചിട്ടുണ്ട്.

അന്തസ്സംസ്ഥാന ബസുകളും കണ്ടെയിനറുകളും ടിപ്പറുകളും തുടങ്ങി ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന 14 മീറ്ററിലേറെ വീതികൂട്ടിയ റോഡിന്റെ കൊടുംവളവിൽ സ്ഥിതിചെയ്യുന്ന ഓവുപാലം അപകടസാധ്യത വർധിപ്പിക്കുന്നതാണ്. നവീകരണം പൂർത്തിയായ ഉടനെ ഒരു കാറും ബൈക്കും ഇവിടെ അപകടത്തിൽ പെട്ടിരുന്നു. ഓവുപാലം വീതികൂട്ടി നവീകരിക്കുകയും കൊടും വളവുകൾ നിവർത്തുകയും ചെയ്തില്ലെങ്കിൽ ഗതാഗതക്കുരുക്കും അപകടങ്ങളും ഉണ്ടാവുമെന്ന് നേരത്തേതന്നെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഉദ്യോഗസ്ഥസംഘം റോഡിൽ പരിശോധന നടത്തി വളവുകൾ നിവർത്താൻ നടപടിയുണ്ടായെങ്കിലും പാലങ്ങൾക്ക് പരിഗണന നൽകാത്തതാണ് ഓവുപാലം നവീകരിക്കാതെ തൽസ്ഥിതിയിൽ തുടരുന്നത്.

Related Articles

Leave a Reply

Back to top button