കാട്ടു പന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു

പുതുപ്പാടി: ഈങ്ങാപ്പുഴയിലും കോടഞ്ചേരിയിലും കാട്ടുപന്നിയുടെ ആക്രമണം. രണ്ടുപേർക്കു പരിക്ക്. ഈങ്ങാപ്പുഴ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനാണ് കാട്ടുപന്നിയുടെ അക്രമണത്തില്‍ പരിക്കേറ്റത്. ചോയോട് ചിരണ്ടായത്ത് ജോമോനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 9.30ഓടെ ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചോയിയോട് ചിരണ്ടായത്ത് ജോമോനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.ജോമോന് ഈങ്ങാപ്പുഴ സ്വകാര്യആശുപത്രിയിൽ ചികിത്സ തേടി. പന്നിയുടെ ആക്രമണത്തിൽ ബൈക്ക് പൂർണമായും തകർന്നു. മലയോരമേഖലയില്‍ വൈകിട്ടോടെ വീടിന് പുറത്തിറങ്ങാന്‍ പറ്റാത്തവണ്ണം പന്നിശല്യം രൂക്ഷമായിരിക്കുകയാണ്.
റോഡില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ ഉണ്ടായാല്‍ ഒരു പരിധിവരെ വാഹനങ്ങള്‍ക്കും ആളുകൾക്കും പന്നിശല്യത്തില്‍ നിന്ന് രക്ഷനേടാം. മലയോര മേഖലയിലെ റോഡുകളില്‍ സ്ട്രീറ്റ് ലൈറ്റുകളില്ലാത്തത് വന്യമൃഗങ്ങള്‍ക്ക് ഗുണകരമായി മാറിയിരിക്കുകയാണ്. റോഡുകളിൽ സ്ട്രീറ്റ് ലൈറ്റുകളും വനാതിർത്തികളിൽ സോളാർ വേലികൾ സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. വർധിച്ചുവരുന്ന വന്യമൃഗശല്യം പ്രത്യേകിച്ച് പന്നിയുടെ ആക്രമണത്താൽ മലയോര മേഖലയിലെ ജനങ്ങളാകെ ഭീതിയിലാണ്.
തങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും കാട്ടുപന്നി ശല്യത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്നതിൽ വനംവകുപ്പ് വീഴ്ചയും കാലതാമസവും വരുത്തുന്നത് തുടർന്നാൽ കൃത്യമായ തെളിവുകൾ സഹിതം ആക്രമണത്തിന് ഇരയായ ആളുകളെ കോടതിക്ക് മുന്നിൽ ഹാജരാക്കി വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥരെ പ്രതി ചേർത്തു കേസ് ഫയൽ ചെയ്യേണ്ടി വരുമെന്ന് കിഫ ഭാരവാഹികൾ അറിയിച്ചു.
കോടഞ്ചേരിയിൽ സ്വന്തം പറമ്പിൽ പുല്ല് വെട്ടാൻ പോയ വീട്ടമ്മയ്ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ശാന്തിനഗർ ചിറ്റക്കാട്ടുകുഴി ടോമിന്റെ ഭാര്യ ജെസിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാവിലെ സ്വന്തം സ്ഥലത്ത് പുല്ല് വെട്ടിക്കൊണ്ടിരിക്കുമ്പോളാണ് പുല്ലിനിടയിൽ മറഞ്ഞിരുന്ന കാട്ടു പന്നി കടിക്കുന്നത്. ഓമശേരി സ്വകാര്യഹോസ്പിറ്റലില്‍ ചികില്‍സ തേടി. പിന്നീട് വിദഗ്ധചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയ്ക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി. മലയോര മേഖലയില്‍ ഈയടുത്തായി പന്നിശല്യം രൂക്ഷമായിരിക്കുകയാണ്. തങ്ങളുടെ ജീവനും സ്വത്തിനും കൃഷിക്കും കാട്ടുപന്നി ശല്യത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ജനങ്ങളുടെ ആവശ്യം.







