തിരുവമ്പാടിയിൽ ജലജീവൻ മിഷൻ ഉടൻ പൂർത്തീകരിക്കണം: മുസ്ലിം ലീഗ്

തിരുവമ്പാടി: തിരുവമ്പാടിയിൽ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതി അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. സർക്കാർ അനാസ്ഥ മൂലം തടസ്സപ്പെട്ടിരിക്കുന്ന പദ്ധതി പുനരാരംഭിക്കുകയും പ്രവൃത്തിക്കായി പൊളിച്ച റോഡുകൾ പുനഃസ്ഥാപിക്കുകയും ചെയ്യണം.
വേനൽക്കാലവും ജലക്ഷാമവും വരാനിരിക്കെ കുടിവെള്ളത്തിനായി പ്രയാസപ്പെടുന്ന ജനതയുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ തയാറാകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രവർത്തക കൺവെൻഷൻ ജില്ലാ ലീഗ് സെക്രട്ടറി വി.കെ. ഹുസൈൻ കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് മോയിൻ കാവുങ്കൽ അധ്യക്ഷനായ യോഗത്തിൽ സി.കെ. കാസിം മുഖ്യപ്രഭാഷണം നിർവഹിച്ചു.
കോഴിക്കോട് ബാഫഖി തങ്ങൾ റിസർച്ച് സെൻററിന് വേണ്ടി ധനസമാഹരണ ക്യാമ്പയിൻ വിജയകരമാക്കാനും യോഗത്തിൽ തീരുമാനമായി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.ജി. മുഹമ്മദ് പദ്ധതി വിശദീകരിച്ചു.
യോഗത്തിൽ ദാവൂത് മുത്താലം, ഷൗക്കത്തലി കൊല്ലളത്തിൽ, കെ.എ. അബ്ദുറഹ്മാൻ, അസ്ക്കർ ചെറിയമ്പലം, മുജീബ് റഹ്മാൻ പി.എം, ജംഷിത് കളിയേടത്ത്, നിഹാൽ കക്കയങ്ങൽ, സൽമ ഹസ്സൈൻ, ഷറീന കളിയണ്ണി എന്നിവർ പ്രസംഗിച്ചു.







