Karassery

കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കറുത്തപറമ്പ് എള്ളങ്ങൽ ഉന്നതിയിലെ നവീകരിച്ച കലാകേന്ദ്രം ഉദ്ഘാടനം തടഞ്ഞു

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കറുത്തപറമ്പ് എള്ളങ്ങൽ ഉന്നതിയിലെ നവീകരിച്ച കലാകേന്ദ്രം ഉദ്ഘാടനം ഒരുവിഭാഗം ആളുകൾ തടഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് യുഡിഎഫ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെയുള്ള അധികൃതർ ഉദ്ഘാടനം വേണ്ടെന്നുവെച്ച് മടങ്ങി. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. രണ്ടുലക്ഷം രൂപ ചെലവഴിച്ചാണ് കലാകേന്ദ്രം പഞ്ചായത്ത് നവീകരിച്ചത്. പ്രസിഡൻറ് സുനിതാ രാജൻ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളാണ് ഉദ്ഘാടനത്തിനെത്തിയത്. ചടങ്ങ് തുടങ്ങുമ്പോൾ ഒരുവിഭാഗം ആളുകളെത്തി ഉദ്ഘാടനം തടയുകയായിരുന്നു. 2020-ൽ ഉന്നതിയുടെ നവീകരണപ്രവൃത്തി നടത്തിയപ്പോൾ നിർമിച്ചതാണ്

കലാകേന്ദ്രം കെട്ടിടം. അന്ന് നവീകരിച്ച ഉന്നതിയുടെ ഉദ്ഘാടനവും നടത്തിയതാണ്. മാത്രമല്ല, കലാകേന്ദ്രത്തിന്റെ മുറ്റം കൊരുപ്പുകട്ടകൾ വിരിക്കുന്നതുൾപ്പെടെ കുറെ പ്രവൃത്തികൾ ഇനിയും ബാക്കിയാണ്. ഒരിക്കൽ ഉദ്ഘാടനംനടന്ന ഉന്നതിയിൽ കലാകേന്ദ്രത്തിന്റെ പ്രവൃത്തി പൂർത്തിയാകാതെ ഉദ്ഘാടനം ചെയ്യേണ്ടതില്ലെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഉന്നതിയിൽ ഒട്ടേറെ അറ്റകുറ്റപ്പണികളും മറ്റുപ്രവൃത്തികളും ചെയ്യാൻ ബാക്കിയാണെന്നും പറഞ്ഞു.

എള്ളങ്ങൽ ഉന്നതിയിലെ കലാകേന്ദ്രം നവീകരിച്ചതിന്റെ ഉദ്ഘാടനമാണ് നടക്കേണ്ടിയിരുന്നതെന്ന് വാർഡ് മെമ്പർ ഷാഹിന പറഞ്ഞു. രണ്ടുലക്ഷം രൂപ വകയിരുത്തി ചുറ്റുമതിൽ ഉയരംകൂട്ടി, കെട്ടിടത്തിന്റെ തകർന്ന ജനൽച്ചില്ലുകൾ നന്നാക്കി, പെയിന്റടിച്ചു. വൈദ്യുതി, വായനശാല, പത്രങ്ങൾ, കെട്ടിടത്തിന് നമ്പർ എന്നിവയൊക്കെ ലഭ്യമാക്കിയ നവീകരണത്തിന്റെ ഉദ്ഘാടനമാണ് ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഒരുവിഭാഗം ആളുകൾ എതിർപ്പുമായി വന്നതിനെത്തുടർന്ന് ഉദ്ഘാടനം വേണ്ടെന്നുവെക്കുകയായിരുന്നെന്നും ഷാഹിന പറഞ്ഞു.

Related Articles

Leave a Reply

Back to top button