സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തിരുവമ്പാടിയിൽ പൂർണ്ണം

തിരുവമ്പാടി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച 48 മണിക്കൂർ ദേശീയ പണിമുടക്ക് മലയോര മേഖലയിൽ പൂർണ്ണം. തിരുവമ്പാടിയിലെയും പരിസര പ്രദേശങ്ങളിലെയും കട കമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്.മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറുന്നു പ്രവർക്കുന്നത്.
കടകൾക്ക് പുറമെ വിവിധ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, ഇരു പെട്രോൾ പമ്പുകളും അടഞ്ഞുകിടക്കുകയാണ്. ബസുകളും,ടാക്സി വാഹനങ്ങളും, ഓട്ടോറിക്ഷകളും ഇന്ന് സർവീസ് നടത്തുന്നില്ല. ടൂറിസം മേഖലകളായ അരിപ്പാറ, മറിപ്പുഴ, കക്കാടംപൊയിലേക്കും നിരവധി സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും കൂടുതൽ വാഹനങ്ങളെയും സമരാനുകൂലികൾ തിരുവമ്പാടിയിൽ കുരിശുപള്ളിക്ക് സമീപത്തായി തടയുകയും തിരിച്ചയക്കുകയും ചെയ്തുമലപ്പുറം ജില്ലയിൽ നിന്നുള്ള സഞ്ചാരികളാണ് ഏറെയും ഇവിടെ എത്തിയിട്ടുള്ളത്.
പുല്ലൂരാംപാറയിൽ എലന്ത്കടവിന് സമീപത്തായി മലപ്പുറത്തുനിന്ന് എത്തിയ യുവാക്കളെ സമരാനുകൂലികൾ തടഞ്ഞതിനെ നേരിയ സംഘർഷം ഉണ്ടാവുകയും തിരുവമ്പാടി പോലീസ് എത്തി സ്ഥിതി ശാന്തമാക്കുകയും യുവാക്കളെ തിരിച്ചയക്കുകയും ചെയ്തു.യുവാക്കൾ മദ്യപിച്ചതായും അസഭ്യം പറയുകയും ചെയ്തതായി നാട്ടുകാർ ആരോപിച്ചു. നേരത്തേ പണിമുടക്കിൽ നിന്നും പാൽ,പത്രം, ആശുപത്രി, ആംബുലൻസ്, കോവിഡ് പ്രതിരോധ പ്രവർത്തനം, എന്നിവയെ ഒഴിവാക്കിയിരുന്നു.







