Koodaranji

കള്ളിപ്പാറയും പരിധിക്കകത്താകുന്നു; പ്രവര്‍ത്തന സജ്ജമായി മൊബൈല്‍ ടവര്‍

കൂടരഞ്ഞി: കൂടരഞ്ഞി പഞ്ചായത്തിലെ കള്ളിപ്പാറ നിവാസികളുടെ എക്കാലത്തെയും വലിയ സ്വപ്നമായ മൊബൈല്‍ ടവര്‍ അടുത്ത ദിവസം ചാര്‍ജ് ചെയ്യും. നിരവധി നാളുകളായി കള്ളിപ്പാറയിലെ ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്ന കാര്യമാണ് മൊബെല്‍ ടവര്‍. കള്ളിപ്പാറയില്‍ മൊബൈല്‍ റേഞ്ച് വളരെ കുറവായിരുന്നു.

കോഴിക്കോട് ടൗണിലോ അരീക്കോട് പോലുള്ള ദൂര സ്ഥങ്ങളില്‍ നിന്നോ ആയിരുന്നു മൊബൈല്‍ സിഗ്നലുകള്‍ ലഭിച്ച് കൊണ്ടിരുന്നത്. ഒരു കിലോമീറ്റര്‍ അകലെ പീടികപ്പാറയില്‍ ബി.എസ്.എന്‍.എല്‍ ടവര്‍ ഉണ്ടെങ്കിലും അതിന്‍റെ സിഗ്നലുകള്‍ പ്രദേശത്ത് ലഭിച്ചിരുന്നില്ല.

മൊബൈല്‍ സിഗ്നല്‍ ലഭിക്കാത്തതു മൂലം തൊഴില്‍പരമായും വിദ്യാഭ്യാസ പരമായും മറ്റുകാര്യങ്ങളിലും വലിയ പ്രയാസം നേരിട്ടിരുന്നു. മാറിമാറി വന്ന ജനപ്രതിനിധികളുടെ മുമ്പില്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അവരൊക്കെ ഈ ആവശ്യത്തെ വെറും വാഗ്ദാനങ്ങളില്‍ ഒതുക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

കള്ളിപ്പാറയിലെ ചെറുപ്പക്കാര്‍ ഒന്നടങ്കം നിരവധി നാളുകളായി ഒരു മൊബൈല്‍ ടവര്‍ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു. നിരവധി കമ്പനികളെ സമീപിച്ചെങ്കിലും പലരും കൈമലര്‍ത്തി. അവസാനം ജിയോ കമ്പനി സന്നദ്ധത അറിയിച്ചെങ്കിലും ടവറിന് സ്ഥലം കണ്ടെത്തുക എന്നതും പ്രതിസന്ധിയായി. ടവറിന് വേണ്ടി സ്ഥലം വിട്ടുകൊടുക്കാന്‍ തയാറായപ്പോള്‍ സാങ്കേതിക പ്രയാസം കാരണം പലതും ഉപേക്ഷിക്കേണ്ടി വന്നു. പല ശ്രമങ്ങള്‍ക്കൊടുവില്‍ പുറായില്‍ സിദ്ദിഖിന്‍റെ സ്ഥലത്ത് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജിയോ കമ്പനിയുടെ മൊബൈല്‍ ടവറാണ് ഉടന്‍ ചാര്‍ജ് ചെയ്യുന്നത്.

അഞ്ച് മലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന കള്ളിപ്പാറയില്‍ 53 കുടുംബങ്ങളെ ഉള്ളൂ. കള്ളിപ്പാറയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന് സഹായിച്ചവരെ നന്ദിയോടെ ഓര്‍ക്കുകയാണ് കള്ളിപ്പാറക്കാര്‍.

Related Articles

Leave a Reply

Back to top button