ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത പദ്ധതി കല്ലിൽ തട്ടി നിലച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി തുരങ്കപാതയ്ക്ക് ഏറ്റെടുക്കുന്ന സ്ഥലത്ത് രണ്ട് മാസം മുൻപ് കല്ലിട്ട് പോയതല്ലാതെ തുടർ നടപടിയില്ല. കൊങ്കൺ റെയിൽവേ കല്ലിട്ട സ്ഥലം റവന്യു വകുപ്പ് അളന്ന് തിട്ടപ്പെടുത്തിയില്ല. സ്ഥലം ഉടമകളുമായി വിലയെക്കുറിച്ചു സംസാരിച്ചിട്ടില്ല. ക്യാംപിൽ ഉണ്ടായിരുന്ന ജീവനക്കാരും ഇപ്പോൾ സ്ഥലത്ത് ഇല്ല.
തുരങ്കപാത ആരംഭിക്കുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി– കോടഞ്ചേരി വില്ലേജുകളിലെ 7.65 ഹെക്ടർ ഭൂമിയും വയനാട് ജില്ലയിലെ കോട്ടപ്പടി– മേപ്പാടി വില്ലേജുകളിലെ 4.82 ഹെക്ടർ ഭൂമിയും ആണ് ഏറ്റെടുക്കുക. സ്ഥലം ഏറ്റെടുക്കൽ നടപടിക്രമങ്ങൾക്ക് കോഴിക്കോട് – വയനാട് ജില്ലാ കലക്ടർമാരെയാണു ചുമതലപ്പെടുത്തിയത്. ഫെബ്രുവരി ആദ്യവാരം ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അതിർത്തി നിർണയിച്ച് പദ്ധതിയുടെ നടത്തിപ്പ് ഏജൻസി ആയ കൊങ്കൺ റെയിൽവേ അധികൃതർ കല്ല് ഇട്ടിരുന്നു. ഏറ്റെടുക്കൽ നടപടികളുടെ പ്രാഥമിക രൂപരേഖ തയാറാക്കാൻ നടപടി തുടങ്ങി എങ്കിലും പ്രവൃത്തി മുന്നോട്ട് പോയിട്ടില്ല. 10 പേരുടെ സ്ഥലം ആണ് കോഴിക്കോട് ജില്ലയിൽ ഏറ്റെടുക്കേണ്ടി വരിക.
മറിപ്പുഴ പാലം മുതൽ കോടഞ്ചേരി പഞ്ചായത്തിലെ കുണ്ടൻതോട് തുരങ്കപാത കവാടം വരെയുള്ള സ്ഥലത്ത് ആണ് കല്ല് ഇട്ടത്. സ്ഥലത്തിന്റെ വില നിർണയം നടത്തിയാലേ അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിയൂ. ലേബർ ക്യാംപ് പരിസരത്തും മുത്തപ്പൻപുഴയിലെ ഡംപിങ് സ്ഥലത്തും കല്ല് ഇട്ടെങ്കിലും ഈ സ്ഥലം വിലയ്ക്ക് എടുക്കുമോ അതോ വാടകയ്ക്ക് ആണോ എന്നതിലും വ്യക്തത വന്നിട്ടില്ല.
മഴക്കാലത്തിനു മുൻപ് സാമഗ്രികൾ കടത്താൻ മറിപ്പുഴയിൽ താൽക്കാലിക പാലം നിർമിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിന്റെ നടപടി തുടങ്ങിയില്ല. വൈദ്യുതി എത്തിക്കാൻ കുണ്ടൻതോട്ടിൽ ട്രാൻസ്ഫോമർ സ്ഥാപിക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും ഇതിന്റെയും പ്രവർത്തനം തുടങ്ങിയില്ല. മഴക്കാലം ആരംഭിച്ചാൽ ഇത്തരം പ്രവർത്തനം ഒന്നും നടത്താൻ സാധിക്കാത്ത അവസ്ഥ വരും.







