Kodanchery
കൂരോട്ടുപാറയിൽ വളർത്തുനായയെ കാണാതായി

കോടഞ്ചേരി: കൂരോട്ടുപാറയിൽ വീണ്ടും വന്യജീവി ആക്രമണം. കൂരോട്ടുപാറ കുന്നേൽ കലേഷിന്‍റെ വളർത്തുമൃഗങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയിൽ വളർത്തുനായയെ വന്യജീവി കടിച്ചുകൊണ്ടുപോവുകയായിരുന്നു. നായയുടെ രക്തക്കറ പ്രദേശത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻപ് കലേഷിന്‍റെ മറ്റൊരു നായയെ വന്യമൃഗങ്ങൾ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
വളർത്തുമൃഗങ്ങൾക്ക് നേരെ തുടരെയുണ്ടാവുന്ന ആക്രമത്തിന്‍റെ ഭയപ്പാടിലാണ് കലേഷും കുടുംബവും. പ്രദേശത്ത് നാട്ടുകാർ സംഘടിച്ചെത്തി പ്രതിഷേധിച്ചു. കൂടുതൽ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ മുൻപ് ആവശ്യപ്പെട്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ അതിന് ശ്രമിച്ചില്ലെന്ന് ആരോപണമുണ്ട്.