ഇരുവഴിഞ്ഞിപ്പുഴയുടെ ഓളങ്ങളിലൂടെ; തൃക്കുടമണ്ണ ശിവരാത്രി മഹോത്സവം

മുക്കം : അഗസ്ത്യമുനിക്ക് സഞ്ചരിക്കാൻ രണ്ട് തോണികൾ ചേർത്തുവെച്ച് അതിൽ മണ്ഡപം നിർമിച്ചു, മുത്തുക്കുടകളും പൂമാലയും വിവിധ വർണങ്ങളിലുള്ള വിളക്കുകളുംകൊണ്ട് മണ്ഡപം അലങ്കരിച്ചു. താലപ്പൊലിയുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടെ ഇരുവഴിഞ്ഞിപ്പുഴയുടെ ഒാളങ്ങളിലൂടെ തൃക്കുടമണ്ണ ക്ഷേത്രസന്നിധിയിലേക്ക് യാത്ര…

മലയോര മേഖലയിലെ പ്രധാന ഉത്സവമായ തൃക്കുടമണ്ണ മഹാശിവരാത്രി ഉത്സവത്തോടനുബന്ധിച്ചാണ് ഭക്തർ ഇരുവഴിഞ്ഞിപ്പുഴയിലൂടെ വരവാഘോഷമൊരുക്കിയത്. ആളുകൾ കൂടുന്ന വരവാഘോഷം ഉൾപ്പെടെയുള്ള പരിപാടികൾ ഒഴിവാക്കി കോവിഡ് പ്രോട്ടോകോൾ പ്രകാരം ചങ്ങുകൾ നടത്താൻ ക്ഷേത്രകമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ, ജാതി-മത ഭേദമെന്യേ എല്ലാവർഷവും നടത്തി വരുന്ന ചടങ്ങ് മുടക്കാൻ അഗസ്ത്യൻമുഴിക്കാർക്ക് തോന്നിയില്ല. ആളുകൂടാതെ, ആചാരപ്രകാരം എങ്ങനെ വരവാഘോഷം നടത്താമെന്ന ചിന്തയാണ് ഇരുവഴിഞ്ഞിപ്പുഴയിലൂടെ വരവാഘോഷമെന്ന ആശയത്തിലെത്തിയത്. പുഴയിലൂടെ ആയതിനാൽ വരവാഘോഷം കാണാൻ ഭക്തർ തടിച്ചുകൂടുമെന്ന ആശങ്കയും വേണ്ട. നാട്ടുകാരുടെ ആശയം ക്ഷേത്രകമ്മിറ്റിയുമായി പങ്കുവെച്ചപ്പോൾ വരവാഹികളും സമ്മതം മൂളി. വ്യാഴാഴ്ച ഉച്ചയോടെ രൂപപ്പെട്ട ആശയം യാഥാർഥ്യമാക്കാൻ ജാതിയും മതവും രാഷ്ട്രീയവും മറന്ന് നാട്ടുകാർ രംഗത്തിറങ്ങി.
മുക്കത്തെയും പരിസരപ്രദേശങ്ങളിലെയും തോണി ഉടമകളെ ബന്ധപ്പെട്ട് കാര്യം പറഞ്ഞു. ഉടമകൾ പൂർണ മനസ്സോടെ വരവാഘോഷത്തിനായി തോണി വിട്ടുനൽകി. തിരുവഞ്ചുഴി ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച വരവാഘോഷം രാത്രി എട്ടരയോടെ ക്ഷേത്രസന്നിധിയിലെത്തി. വരവാഘോഷത്തെ വരവേൽക്കാൻ ഭക്തർ ഇരുവഴിഞ്ഞിപ്പുഴയോരത്ത് ദീപവും തെളിയിച്ച് കാത്തിരുന്നു. വർഷങ്ങൾക്ക് മുൻപ്, റോഡും പാലവും ഇല്ലാതിരുന്ന കാലത്ത് ഇരുവഴിഞ്ഞിപ്പുഴയിലൂടെയാണ് തൃക്കുടമണ്ണ ക്ഷേത്രത്തിലേക്ക് വരവാഘോഷം നടത്തിയിരുന്നത്. പോയകാലത്തെ അനുസ്മരിച്ച്, ആചാരം തെറ്റിക്കാതെ ഇത്തവണയും ശിവരാത്രി മഹോത്സവം നടത്താനായതിന്റെ സന്തോഷത്തിലാണ് ഭക്തരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും. എൻ. വിജയൻ, പി. പ്രശോഭ് കുമാർ, യു.പി. നാസർ, ഒ. സിജിത്ത്, മനോജ്, ബിജു പാറക്കൽ, റൈനിഷ്, നളേശൻ, ബാബു ചേനാംതൊടികയിൽ എന്നിവർ വരവാഘോഷത്തിന് നേതൃത്വം നൽകി.







