Mukkam

ഒടുങ്ങുമ്പോഴും വിവാദത്തിൽ നിറഞ്ഞ് വെന്റ് പൈപ്പ് പാലം; അവശിഷ്ടങ്ങൾ തള്ളുന്നത് പുതിയ വിവാദം

മുക്കം ∙ഇരുവഞ്ഞിപ്പുഴയിലെ മുക്കം കടവിലെ വെന്റ് പൈപ്പ് പാലത്തിന്റെ തുടക്കം പോലെ ഒടുക്കവും വിവാദത്തിൽ. പാലം പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങൾ പുഴയിലേക്ക് തള്ളുന്നതാണ് പുതിയ വിവാദം. പ്രതിഷേധവുമായി കോൺഗ്രസും യൂത്ത് കോൺഗ്രസും രംഗത്തെത്തി. കാരശ്ശേരി പ‍ഞ്ചായത്തിനെയും മുക്കം പ‍ഞ്ചായത്തിനെയും ബന്ധിപ്പിച്ച് 2003 ൽ വെന്റ് പൈപ്പ് പാലം നിർമാണം ആരംഭിച്ചപ്പോഴും പ്രതിഷേധവുമായി യുഡിഎഫ് എത്തിയിരുന്നു.

ഇത്രയും വലിയ പുഴയിൽ വെന്റ് പൈപ് പാലം അപ്രായോഗികമാണെന്നായിരുന്നു വാദം. 17 വർഷത്തിനു ശേഷം പാലം പൊളിച്ചു തുടങ്ങിയതോടെ ലോഡ് കണക്കിന് കോൺക്രീറ്റ് മാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നതാണ് വിമർശനത്തിനിടയാക്കിയത്. പാലത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടും ഉപയോഗിക്കാവുന്ന തരത്തിൽ വേർതിരിച്ചു പൊളുച്ചുമാറ്റണമെന്നായിരുന്നു നി‍ർദേശം.

കമ്പി,കോൺക്രീറ്റ് എന്നിവ പുഴയിലൂടെ ഒഴുകുന്നു.ഒട്ടേറെ കുടിവെള്ള പദ്ധതികളും പുഴ കേന്ദ്രീകരിച്ചുണ്ട്. ചോണാട്, കക്കാട്, കാരശ്ശേരി, ഭാഗത്തെ കുളിക്കടവുകളേയും പുഴ മലിനപ്പെടുത്തുന്നത് ബാധിക്കുമെന്ന് യൂത്ത്കോൺഗ്രസ് ചൂണ്ടികാട്ടുന്നു.പുഴ മലിനപ്പെടുത്തിയുള്ള പാലം പൊളി നിർത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് വയനാട് പാർലമെന്റ് വൈസ് പ്രസിഡന്റ് വി.എൻ.ജംനാസ് ഉദ്ഘാടനം ചെയ്തു. ജംഷിദ് ഒളകര ആധ്യക്ഷ്യം വഹിച്ചു.

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/06/06/kozhikode-mukkom-vent-pipe-bridge.html

Related Articles

Leave a Reply

Back to top button